സ്വന്തം ലേഖകൻ
തൃശൂർ: ഡോക്ടർമാരുടേയും അഭിഭാഷകരുടേയും മാധ്യമങ്ങളുടേയുമെല്ലാം ലോഗോയുള്ള സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിച്ച് വ്യാജൻമാർ കേരളത്തിൽ വാഹനങ്ങളിൽ വിലസുന്നു. മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, അഡ്വക്കറ്റുമാർ എന്നിവരുടെ സ്റ്റിക്കർ പതിപ്പിച്ച വ്യാജന്മാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ലഭിച്ച ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാജൻമാരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി.
ഇത്തരം സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലർക്കും തൊഴിൽ മേഖലയുമായി വിദൂരബന്ധം പോലുമില്ലെന്നുള്ളതാണ് പോലീസിന് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ബോധ്യപ്പെട്ടിരിക്കുന്നത്.പോലീസിന്റെയും സമൂഹത്തിന്റെയും പരിഗണന മുതലാക്കി ഇത്തരം സ്റ്റിക്കറുകൾ പതിച്ച വ്യാജന്മാരുടെ വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പ്രഫഷണൽ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് അനായാസം സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കാനാണ് സ്റ്റിക്കറുകൾ പ്രയോജനപ്പെടുത്തുന്നത്.
പോലീസ്, എക്സൈസ് വനംവകുപ്പ്, മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധന ഒഴിവാക്കുക എന്നതാണ് വ്യാജന്മാരുടെ ആദ്യലക്ഷ്യം. സ്വന്തം സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ചരക്കുകൾ ആദായ നികുതി വെട്ടിക്കുന്നതിനു വ്യാജ സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങളിൽ കടത്തുന്നതായും സൂചനകളുണ്ട്.
ബാർ കൗണ്‍സിലിലും മെഡിക്കൽ അസോസിയേഷനും അംഗീകരിച്ച ചിഹ്നമാണ് യഥാർത്ഥ അഭിഭാഷകരും ഡോക്ടർമാരും വാഹനങ്ങളിൽ ഉപയോഗിച്ചുവരുന്നത്. അംഗീകൃത സർവകലാശാലകളിൽ പഠിച്ച് ബാർ കൗണ്‍സിൽ അംഗീകാരത്തോടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്കാണ് ഇത് ഉപയോഗിക്കാനുള്ള അർഹതയുള്ളത്. എന്നാൽ നിയമ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും വക്കീൽ ഓഫീസ് ജീവനക്കാരിൽ ചിലരും ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിലും ബംഗളുരുവിലും തമിഴ്നാട്ടിലും വ്യാജ പ്രൊഫഷണൽ സ്റ്റിക്കർ പതിപ്പിച്ച വ്യാജന്മാരെ കണ്ടെത്താൻ പോലീസ് പരിശോധന നടത്താറുണ്ട്. അഭിഭാഷക ലോഗോ പതിച്ച് വ്യാജ സിഡി കടത്തു നടത്തിയിരുന്ന വാഹനങ്ങൾ മധുരയിൽ പോലീസ് കണ്ടെത്തിയത് കോടതി നിർദ്ദേശത്തെ തുടർന്നുള്ള പരിശോധനയിൽ ആയിരുന്നു. അഭിഭാഷകരും ഡോക്ടർമാരും ഉപയോഗിച്ച കാറുകൾ വാങ്ങുന്നവർ പിന്നീട് കാറിൽ പതിപ്പിച്ചിരിക്കുന്ന പ്രൊഫഷണൽ സ്റ്റിക്കർ നീക്കം ചെയ്യാതെ ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിരവധി പേർ ഇത്തരത്തിൽ വ്യാജ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ആരും പരാതികൾ ഉന്നയിക്കാത്തതിനാൽ ഇവർക്കെതിരെ നടപടികൾ സ്വീകരിക്കൽ പൊതുവെ കുറവാണ്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ പരിശോധനയിൽ വ്യാജൻമാരെ കണ്ടെത്തിയാൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനും പ്രഫഷണൽ ചിഹ്നം ദുരുപയോഗം ചെയ്തതിനും കേസെടുക്കാവുന്ന കുറ്റമാണ്. മൂന്നു വർഷം തടവും പിഴയുമടങ്ങുന്ന ശിക്ഷ വരെ ഇവർക്ക് ലഭിക്കാം. ബേബി ഓണ്‍ ബോർഡ്, സ്കൂൾ ഡ്യൂട്ടി തുടങ്ങി പലതരത്തിലുള്ള ബോർഡുകളും സ്റ്റിക്കറുകളും പതിച്ച വാഹനങ്ങളും നിരീക്ഷണത്തിലാണ്.