നടനവേദിയില് ദൃശ്യവിരുന്നൊരുക്കുകയാണ് പ്രഫ. ഗായത്രി വിജയലക്ഷ്മി എന്ന 61കാരി. 32 വര്ഷത്തെ സേവനത്തിനുശേഷം അധ്യാപനജീവിതത്തില്നിന്ന് വിരമിച്ച് ക്ലാസിക്കല് നൃത്തരംഗത്ത് സജീവമായിരിക്കുകയാണ് ഇവര്. തിരുവനന്തപുരം സ്വദേശിയായ ഗായത്രി ശബരിമല ശ്രീധര്മ്മ ശാസ്താ ക്ഷേത്രത്തില് ഭരതനാട്യം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ്.
നൃത്തത്തെ പ്രണയിച്ച്
ഒന്പതാം വയസില് നൃത്തം പഠിച്ചു തുടങ്ങിയ ഗായത്രി 14ാം വയസില് ഭരതനാട്യവും അഭ്യസിക്കാന് തുടങ്ങി. ഭരതനാട്യം ഗായത്രിയുടെ അഭിനിവേശമായിരുന്നു. 1986ല് ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് എന്ജിനീയറിംഗ് ഡിപ്പാര്ട്ട്മെന്റി ല് ലക്ചററായി ജോലിക്ക് ചേര്ന്നു. എന്നാല് അധ്യാപനത്തോടുള്ള ഇഷ്ടം മൂലം നൃത്തത്തെ തല്കാലം പാതിവഴിയില് ഉപേക്ഷിച്ചു. നിരവധി ശിഷ്യ സമ്പത്തിനെ ഉണ്ടാക്കിയപ്പോഴും തന്നിലെ നര്ത്തകിയെ അവര് കൈവിട്ടില്ല. 32 വര്ഷത്തെ സേവനത്തിനുശേഷം 2018ല് പ്രഫസറും ഡിപ്പാര്ട്ട്മെന്റ് മേധാവിയുമായി ജോലിയില് നിന്നും വിരമിച്ചു.
26 വര്ഷത്തിനുശേഷം ചിലങ്കയണിഞ്ഞ്
52-ാം വയസില് 26 വര്ഷത്തെ ഇടവേളയ്ക്കുശേഷം അവര് വീണ്ടും ചിലങ്കയണിഞ്ഞു. ശ്രീമതി ടീച്ചറുടെ നേതൃത്വത്തില് ഭരതനാട്യം വിദ്യാര്ഥിനിയായി വീണ്ടും പരിശീലനം ആരംഭിച്ചു. കൊല്ലം ടികെഎം കോളജിലെ 2015 ബാച്ച് വിദ്യാര്ഥികളുടെ അവസാന കോളജ് ചടങ്ങില് നൃത്തം ചെയ്യണമെന്ന് ടീച്ചറെ നിര്ബന്ധിച്ചു. ഇതാണ് ഗായത്രിയെ നൃത്തം ചെയ്യാനുള്ള പരിശീലനത്തിലേക്ക് നയിച്ചത്. ഭരതനാട്യത്തോടുള്ള ഗായത്രിയുടെ പ്രണയം പിന്തുടരാനുള്ള ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്.
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് അവര് അവിടെ തെളിയിച്ചു. നിറഞ്ഞ കൈയടിയുമായിട്ടാണ് അവരെ അന്ന് സദസ് സ്വീകരിച്ചത്. തുടര്ന്ന് അധ്യാപന ജീവിതത്തില്നിന്ന് വിരമിച്ച ശേഷം, 2019 മേയ് 19ന് വൈലോപ്പിള്ളി സമൃദ്ധി ഭവനില് ഒന്നര മണിക്കൂര് (ഭരതനാട്യ കച്ചേരി) സോളോ പ്രോഗ്രാം അവതരിപ്പിച്ചു.
തുടര്ന്ന്, 100ലധികം പൊതുവേദികളിലും 18 ഓണ്ലൈന് പ്ലാറ്റ്ഫോമുകളിലും ഒരു മണിക്കൂര് സോളോ പെര്ഫോമന്സുകള്ക്കും അവസരം ലഭിച്ചു. 2023 ജനുവരി ഏഴി ന് വൈകുന്നേരം ശബരിമലയില് 100-ാം സ്റ്റേജ് ഡാന്സ് പാരായണം നടത്തി. ശബരിമല വേദിയില് ഒരു മണിക്കൂര് ദൈര്ഘ്യമുള്ള ഏകാംഗ ഭരതനാട്യം നൃത്താവിഷ്കാരത്തിന് ലിംക ബുക്ക് ഓഫ് റിക്കാര്ഡ്സിന്റെ അഭിനന്ദന അവാര്ഡ് ലഭിച്ചു. കഴിയുന്നിടത്തോളം നൃത്തം ചെയ്യാനാണ് ഗായത്രിയുടെ ആഗ്രഹം.
അഭിനയരംഗത്തും
നൃത്തത്തിന് പുറമെ അഭിനയരംഗത്തും കഴിവ് തെളിയിച്ചിരിക്കുകയാണ് പ്രഫ. ഗായത്രി . 2022ല് പുറത്തിറങ്ങിയ ‘ക്ലാസ് ബൈ എ സോള്ജിയര്’ എന്ന സിനിമയില്, വിജയ് യേശുദാസിന്റെ അമ്മയായി വേഷമിട്ടു.
കല്ലറ മോഹന്ദാസ്