എംടി-ലാൽജോസ് ചിത്രമായ ‘നീലത്താമര’ യിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന നടിയാണ് അമല പോൾ. പിന്നീട് തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയ അമല തെലുങ്ക് സിനിമകളിലും അഭിനയിച്ചു. താര റാണിയായപ്പോൾ മലയാളത്തിലും മികച്ച സിനിമകൾ അമലയ്ക്ക് ലഭിച്ചു.
റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളെല്ലാം ഉദാഹരണമാണ്. എന്നാൽ കുറച്ച് ബുദ്ധിമുട്ടിയ തുടക്കകാലം അമലയ്ക്കുമുണ്ടായിരുന്നു. ഒരുപക്ഷെ മൈന എന്ന സിനിമ ഹിറ്റായിരുന്നില്ലെങ്കിൽ അമലയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിയുമായിരുന്നില്ല. സിന്ധുസമവേലി എന്ന തമിഴ് ചിത്രമാണ് അമലയ്ക്ക് അക്കാലത്ത് വിനയായത്.
ഇന്റിമേറ്റ് രംഗങ്ങളും വിവാദപരമായ കഥാഗതിയുമുള്ള സിനിമ അന്ന് ചർച്ചയായതാണ്. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് അമലയിപ്പോൾ. നീലത്താമര കഴിഞ്ഞ് തമിഴിൽ എന്റെ ആദ്യം റിലീസ് ചെയ്ത സിനിമ വീരശേഖരം ആണ്. അത് കാണാൻ പോയപ്പോൾ തിയറ്ററിൽ അഞ്ച് പേരെ ഉള്ളൂ. അതിൽ നാല് പേർ എന്റെ കുടുംബമാണ്.
തുടക്കത്തിൽ ഒന്നിന് പിറകെ ഒന്നായി നിരാശജനകമായ അനുഭവമായിരുന്നു. മൈന കാണാൻ പോകുമ്പോഴും വീരശേഖരം കാണാൻ പോയതിന്റെ ഓർമയുണ്ട്. എന്തായിരിക്കും എന്നറിയാത്ത ടെൻഷനിൽ പോയിട്ട് ഹൗസ് ഫുളായി കണ്ടു. അത് കഴിഞ്ഞ് വികടകവി വരുമ്പോൾ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. വികടകവിയുടെ പോസ്റ്ററിൽ മൈനയായി അഭിനയിച്ച അമല പോളിന്റെ അടുത്ത സിനിമ എന്ന് കൊടുത്തെന്നും അമല പോൾ വ്യക്തമാക്കി.
സിന്ധു സമവേലിയെക്കുറിച്ച് അമല പറയുന്നതിങ്ങനെ… മൈന കഴിഞ്ഞാണ് സിന്ധു സമവേലി എന്ന സിനിമയിൽ അഭിനയിച്ചത്. പക്ഷെ മൈനയ്ക്ക് മുമ്പ് ആ സിനിമ റിലീസായി. ആ സിനിമയുടെ വിവാദങ്ങൾ കാരണം മൈനയുടെ പ്രൊമോഷനിൽ നിന്നെല്ലാം എന്നെ മാറ്റി നിർത്തി. എന്നെ ക്ഷണിച്ചില്ല. ആ ഇമേജ് മൈനയിലെ കഥാപാത്രത്തിലേക്ക് പോകേണ്ടെന്ന് കരുതി.
പക്ഷെ നമുക്ക് അർഹമായ വിജയം നേടുന്നതിൽനിന്ന് ആർക്കും നമ്മളെ തടയാൻ പറ്റില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്. മൈന ഒരു സൂപ്പർഹിറ്റ് സിനിമയായി. ആളുകൾ എന്നെ ഒരുപാട് സ്നേഹിച്ചു. ഇതോടെ മൈനയുടെ അണിയറ പ്രവർത്തകർക്ക് തന്നെ പ്രൊമോഷനു പിന്നീട് എന്നെ വിളിക്കേണ്ടി വന്നു- അമല പോൾ വ്യക്തമാക്കി. ആടുജീവിതമാണ് അമല പോളിന്റെ പുതിയ സിനിമ. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജാണ് നായകൻ. വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണിത്.