പി. ജയകൃഷ്ണൻ
കണ്ണൂർ: ഭരണാധികാരികളിൽ ചിലർക്ക് ഒരു ഉദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സംസ്ഥാനത്തെ 61 സബ് ഇൻസ്പെക്ടർമാരുടെ പ്രമോഷൻ തടയപ്പെട്ടെന്ന്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ 2012 ൽ നടപ്പാക്കിയ കെപി ആക്ട് 101 (6)നെതിരേ 2019 ഫെബ്രുവരിൽ ഓർഡിനൻസ് ഇറക്കിയാണ് ഇവരുടെ പ്രമോഷൻ തടഞ്ഞത്.
പ്രമോഷനുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലക്കാരനായ ഒരു ഇൻസ്പെക്ടർ നിയമപോരാട്ടത്തിനിറങ്ങിയതോടെയാണ് സർക്കാരിന് പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് ഇദ്ദേഹം കണ്ണിലെ കരടായത്.ഈ ഇൻസ്പെക്ടറുടെ പ്രമോഷന് തടയിടുക എന്ന ലക്ഷ്യത്തോടെയാണത്രെ 2012 ലെ നിയമം മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ആരോപണം.
എന്നാൽ ഇതിന്റെ ദുരിതം പേറേണ്ടി വന്നതാകട്ടെ 13 വർഷത്തോളം സബ് ഇൻസ്പെക്ടറായി സേവനം തുടരുന്ന കണ്ണൂർ ജില്ലയിലടക്കമുള്ള ഉദ്യോഗസ്ഥരാണ്. നാലും അഞ്ചും വർഷം കൂടുന്പോൾ പോലീസ് ഉദ്യോഗസ്ഥ പ്രമോഷൻ നടക്കുന്പോഴാണ് ഒരു ദശാബ്ദത്തിലേറെക്കാലം 61 പേർ ഇപ്പോഴും എസ്ഐയായി തുടരുന്നത്.
സാധാരണ മൈനർ പണിഷ്മെന്റ് ലഭിച്ചവരുടെ ഇൻക്രിമെന്റോ മറ്റോ കട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ക്രിമിനൽ കുറ്റത്തിലടക്കം കാര്യമായ കേസുകളിലകപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രമോഷൻ മാത്രമാണ് തടയപ്പെട്ടിരുന്നത്. ഇതിനു വിരുദ്ധമായി 61 പേരുടെ പ്രമോഷനാണ് ഇപ്പോൾ അസ്ഥാനത്തായത്. ഇവരിൽ പലരും നാലോ അഞ്ചോ വർഷത്തിനുള്ളിൽ സർവീസിൽനിന്നും വിരമിക്കേണ്ടവരാണ്.
ഒരു സിഐയോടുള്ള വ്യക്തി വൈരാഗ്യം മാത്രമാണ് 2012 ലെ കെപി ആക്ട് 101 (6) മരവിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സേനയിലുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നത്.പ്രമോഷൻ തടയുന്നതിനെതിരേ 61 എസ്ഐമാർ കേരള അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണ (കേറ്റ്) ലിനെ സമീപിക്കുകയും പ്രമോഷൻ നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ്.
എന്നാൽ ഉത്തരവിറങ്ങി അഞ്ചുമാസം പിന്നിട്ടെങ്കിലും അത് കണ്ടഭാവം നടിക്കാൻപോലും ഇതുവരെ സർക്കാർ തയാറായിട്ടില്ല. 2019 ൽ ഫെബ്രുവരിയിലാണ് 2012 ആക്ടിനെതിരേ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. 2018 ൽ ഒഴിവുവന്ന എസ്ഐ തസ്തികയിലേക്ക് 250 പേരെ നിയോഗിച്ചുവെങ്കിലും അതിലും മൈനർ പണിഷ്മെന്റ് ലഭിച്ചവരെ പരിഗണിക്കാൻ സർക്കാർ തയാറായില്ല. ഇക്കാര്യത്തിലും ഈ വിഭാഗത്തിന് കടുത്ത അമർഷമുണ്ട്.
ഇതിനിടെ പ്രമോഷനു വേണ്ടി നിയമപോരാട്ടം നടത്തിയ സിഐ ഹൈക്കോടതി വഴി ഡിവൈഎസ്പിയായി പ്രമോഷൻ നേടിയെടുക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തങ്ങൾ എന്തിന് പീഡനം അനുഭവിക്കുന്നുവെന്നാണ് പ്രമോഷൻ തടയപ്പെട്ട എസ്ഐമാർ ചോദിക്കുന്നത്. നിയമപരിപാലനം കാത്തുസൂക്ഷിക്കേണ്ട സേന ആയതിനാൽ പ്രതിഷേധിക്കാനും ഇവർക്ക് നിർവാഹമില്ലാത്ത അവസ്ഥയാണ്.