ലക്നൗ: ഉത്തർപ്രദേശിൽ സ്വത്ത് കൈക്കലാക്കുന്നതിനു മൂന്നു സഹോദരങ്ങളും അവരുടെ ഭാര്യമാരും അനന്തരവന്മാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി മകൻ. രണ്ടു വർഷംമുന്പ് മരിച്ച പവിത്രാദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ യോഗേന്ദ്ര സിംഗ് യാദവ് ആണു പോലീസിനെ സമീപിച്ചത്.
വിഷം ശരീരത്തിൽ ചെന്നാണ് പവിത്രാദേവി മരിച്ചതെന്ന് അടുത്തിടെ വന്ന ഒരു മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി പവിത്രാദേവി പറഞ്ഞതായും യോഗേന്ദ്ര വ്യക്തമാക്കുന്നു.
സംഭവത്തിൽ യോഗിയുടെ സഹോദരന്മാർ, അവരുടെ ഭാര്യമാർ, അനന്തരവൻമാർ എന്നിവരുൾപ്പെടെ ഒമ്പതുപേർക്കെതിരേ കോട്വാലി പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.