അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഭിപ്രായ സര്‍വേകളെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സാധ്യത കല്‍പ്പിക്കുന്നത്.
എന്നാല്‍ ലോകത്ത് സുപ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പതിവായി ഉയര്‍ന്നു കേള്‍ക്കാറുള്ള പേരാണ് പ്രശസ്ത ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രദാമസിന്റേത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് നോസ്ട്രദാമസ് പ്രവചിച്ച നിരവധി സംഭവങ്ങള്‍ പിന്നീട് യാഥാര്‍ഥ്യമായിത്തീര്‍ന്നതാണ് ഇദ്ദേഹം ഇപ്പോഴും ലോകശ്രദ്ധയാകര്‍ഷിക്കുന്നതിനു കാരണവും.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണയും ട്രംപ് വിജയം നേടുമെന്നാണ് നോസ്ട്രദാമസിന്റെ പ്രവചനമെന്നാണ് ഇപ്പോള്‍ പരക്കുന്ന വാര്‍ത്ത. പ്രവചനം സത്യമാകുമോ എന്ന് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം അറിയാം.
എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ യുഎസ് വോട്ടര്‍മാരെ അണിനിരത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍, ആളുകള്‍ ഇതു വ്യര്‍ഥമാണെന്ന് അവകാശപ്പെടുന്നു.
നോസ്ട്രഡാമസിന്റെ ‘ലേ പ്രൊഫസി’ എന്ന പുസ്തകത്തില്‍ ട്രംപിന്റെ ഭരണത്തുടര്‍ച്ച എഴുതിയിട്ടുണ്ടെന്നാണ് ‘കണ്ടെത്തല്‍’.
പുസ്തകത്തിലെ ‘ബൈസന്റിയത്തിന്റെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമാകുന്ന കാഹളം’ എന്ന വരികള്‍ ഉയര്‍ത്തിയാണ്, ട്രംപ് ഓവല്‍ ഓഫിസിലേക്കു മടങ്ങിവരുമെന്ന് ആളുകള്‍ അവകാശപ്പെടുന്നത്. ഈ വരികള്‍ ട്രംപിനെക്കുറിച്ച് പ്രവചിക്കുന്നുവെന്നാണ് അനുമാനം.
എന്നാല്‍, നോസ്ട്രഡാമസിന്റെ വാക്കുകള്‍ നിഗൂഢ കവിതയല്ലാതെ മറ്റൊന്നുമല്ലെന്നും അതിനു ഭാവി കാര്യങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ കഴിയില്ലെന്നുമാണ് ബൈഡന്‍ അനുകൂലികളും ട്രംപിന്റെ വിമര്‍ശകരും പറയുന്നത്.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളെ തള്ളിക്കളഞ്ഞാണു ട്രംപ് പ്രസിഡന്റായത്.
ഈ വസ്തുത നിലനില്‍ക്കുന്നതിനാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം അപ്രവചനീയമായി തുടരുകയാണ്. ഇതൊക്കെത്തന്നെയാണ് നോസ്ട്രദാമസിന്റെ പ്രവചനത്തെ പ്രസക്തമാക്കുന്നതും.