കോഴിക്കോട്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സ്ഥാനപ്പേരോ, മറ്റ് രേഖകളോ പതിക്കരുതെന്ന കര്‍ശന നിയമം കാറ്റില്‍പറത്തി സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ തന്നെ റോഡിലൂടെ കുതിക്കുന്നു. പോലീസിനെ ഭയപ്പെടുത്താന്‍ പ്രോസിക്യൂട്ടര്‍ എന്ന് ഇംഗ്ലീഷില്‍ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയാണ് നിരത്തിലിറക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ തന്നെയാണ് ഇങ്ങനെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൈക്കോടതിയിലെ ലോ ഓഫീസേഴ്സ്, സെന്‍ട്രല്‍ ഗവ.കൗണ്‍സിലേഴ്സ് എന്നിവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബോര്‍ഡുകള്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അധികാരം. അതുതന്നെ നമ്പര്‍ പ്ലേറ്റില്‍ ആകാനും പാടില്ല. അനുവദിക്കപ്പെട്ടവര്‍ക്കു മാത്രം ചുവന്ന നിറത്തിലുള്ള ബോര്‍ഡില്‍ വെള്ളഅക്ഷരത്തില് എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം.
30 സെന്റി മീറ്റര്‍ വീതിയും 10 സെന്റി മീറ്റർ ഉയരവും മാത്രമേ ബോര്‍ഡിനു ഉണ്ടാകാവൂ എന്നും അക്ഷരങ്ങള്‍ക്ക് 40 മില്ലീ മീറ്റര്‍ മാത്രമേ ഉയരം ഉണ്ടാകാവൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍പറത്തിയാണ് അനര്‍ഹരുടെ വാഹനങ്ങള്‍ നിരത്തില്‍ ചീറിപ്പായുന്നയത്. കാറിന്റെ ചില്ലില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചാല്പോലും സാധാരണക്കാരെ പൊക്കുന്ന നിയമപാലകര്‍ക്കു മുന്നിലുടെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.
കേരളാ ഗവര്‍ണര്‍ക്കും, ജന പ്രതിനിധികള്‍ക്കും തങ്ങളുടെ സ്ഥാനം കാണിക്കുന്ന ബോര്‍ഡുകള്‍ വയ്ക്കാമെങ്കിലും അതെല്ലാം നമ്പര്‍ പ്ലേറ്റുകള്‍ക്ക് പുറത്തുമതിയെന്നാണ് ചട്ടം. അനധികൃത പാര്‍ക്കിംഗ് നടത്തിയാലും അപകടത്തില്‍പ്പെട്ടാലും പോലീസില്‍ നിന്നും പരിഗണന ലഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരം സമീപനമെന്ന ആക്ഷേപവും ഉയരുന്നു.
എല്ലാ പ്രേസിക്യൂട്ടര്മാരും ഇത്തരത്തില്‍ സ്വന്തം വാഹനം നിരത്തിലിറക്കിയാല്‍ അത് നിയമവ്യവസ്ഥമയാടുള്ള വെല്ലുവിളിയാകുമെന്ന പരാതിയും ഉയരുന്നു. സര്‍ക്കാരില്‍നിന്നു ശമ്പളം പറ്റുന്നവര്തന്നെ നിയമം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ടും പോലീസോ മോട്ടോര്‍ വാഹന വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.