ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന്റെ കൈവശം ഉണ്ടാവാം! അവ പ്രതിഭാഗത്തിന് ലഭിച്ചാല്‍ ഇരയുടെ സുരക്ഷയെ ബാധിക്കും; ദിലീപിനെതിരെ ശക്തമായ വാദങ്ങളുമായി അന്വേഷണ സംഘം

ദിലീപിനെതിരെ ശക്തമായ വാദങ്ങളുമായി അന്വേഷണ സംഘം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ പോലും അവസരം ഉണ്ടായിട്ടില്ലാത്ത നടന്‍ എങ്ങനെയാണ് ദൃശ്യങ്ങളെ കുറിച്ച് പരാതി ഉന്നയിക്കുന്നതെന്ന ചോദ്യമാണ് അന്വേഷണ സംഘം പ്രധാനമായും ഉയര്‍ത്തുന്നത്. കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ പ്രതിഭാഗത്തിനെ അനുവദിച്ചിട്ടു പോലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായി.

ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിനു ലഭിച്ചാല്‍ ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. കൂടാതെ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച വിഡിയോ ദൃശ്യങ്ങളിലെ സൂക്ഷ്മ വിവരങ്ങള്‍ പോലും പ്രതിഭാഗം ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ പ്രതിഭാഗത്തിന്റെ കൈവശം ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

ഈ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും. കേസിന്റെ നടപടികളും കോടതിയിലെ വാദങ്ങളും അപ്പോഴപ്പോള്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് അന്വേഷണസംഘം ഡിജിപിയോട് ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

 

Related posts