തൊടുപുഴ: ലക്ഷങ്ങളുടെ സാന്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട പ്രോസിക്യൂട്ടറെ 11 വർഷങ്ങൾക്കു ശേഷം കണ്ടെത്തി. തൊടുപുഴ മുട്ടം മൈലാടിയിൽ എം.എം. ജയിംസിനെയാണ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്.
ഇയാളെ കാണാനില്ലെന്നു കാണിച്ചു 2021ൽ മകൾ മുട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയിംസിനെ കണ്ടെത്തിയതെന്ന് സിഐ ഇ.കെ. സോൾജിമോൻ പറഞ്ഞു.
കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് കണ്ടെത്തിയ ജയിംസിനെ പീരുമേട് ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
2018ൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയതായി പോലീസ് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാൾ എവിടെയുണ്ടെന്ന വിവരം ലഭിച്ചതെന്ന് തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു.
കാണാതായ പരാതിയിൽ പോലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.ജയിംസിനെതിരേ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജില്ലാ സിജെഎം കോടതിയുടെ വാറണ്ട് നിലവിലുണ്ട്.
വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇയാളോട് സെപ്റ്റംബർ ആദ്യവാരം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മുട്ടം സ്വദേശിനിയുടെ പരാതിയിലായിരുന്നു വാറണ്ട്. ഇവരെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ധരിപ്പിച്ച് 90ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായാണ് പരാതി.