കോട്ടയം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് ബസ് മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ് അഞ്ചു മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം സമരം ആരംഭിക്കും.
12,600ല്‍പ്പരം സ്വകാര്യ ബസുകളില്‍ കോവിഡ് കാലത്തിനുശേഷം ഏഴായിരത്തിൽപ്പരം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ഇതിനു പുറമെയാണു വിവിധ കാരണങ്ങള്‍ പറഞ്ഞു സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നത്. ഇതു പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
ഇതിനു പുറമെ 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓര്‍ഡിനറി സര്‍വീസ് നടത്താന്‍ പാടില്ലെന്ന നിയമം സര്‍ക്കാര്‍ കര്‍ശനമാക്കി നടപ്പാക്കുകയാണ്.
ഈ സാഹചര്യത്തിൽ നിലവിലുള്ള പെര്‍മിറ്റുകള്‍ ദൂരപരിധി പരിഗണിക്കാതെ പുതുക്കി നൽകണമെന്നും ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി എന്ന കാറ്റഗറി ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നും വിദ്യാര്‍ഥി കണ്‍സഷനിൽ കാലോചിതമായ മാറ്റം ഏര്‍പ്പെടുത്തി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ. കെ. തോമസ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡാന്റീസ് അലക്സ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ്, ടി.യു. ജോണ്‍, വിനോദ് കെ. ജോര്‍ജ്, പി.വി. ചാക്കോ പുല്ലത്തില്‍, ജോണി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.