കോട്ടയം: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനില്‍ കാട്ടുപന്നികളെ ലോറിയിലെത്തിച്ച് തുറന്നുവിട്ട സംഭവത്തിൽ നാട്ടുകാരുടെ വ്യാപകപ്രതിഷേധം.
വനം വകുപ്പ് കാട്ടിയത് കൊടും ക്രൂരതയെന്നു കർഷകർ. പ്രദേശ വാസികളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് വാഹനത്തില്‍ എത്തിച്ച പന്നികളെ ഇറക്കിവിട്ട് വനം വകുപ്പ് അധികൃതര്‍ മടങ്ങിയത്. ശബരിമല സീസണ് തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയില്‍ നിന്നുള്ള കാട്ടുപന്നികളെ ലോറിയില്‍ കൊണ്ടുവന്ന് ജനവാസ മേഖലകളില്‍ ഇറക്കിവിട്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ഇതിനിടയിലാണ് കാട്ടുപന്നികളെ ഇറക്കിവിട്ടിരിക്കുന്നത്.
കാട്ടാനയുടെ ശല്യം മൂലം എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം പണി നഷ്ടമാകുന്ന സാഹചര്യമുണ്ട്. നിലവില്‍ 33ഓളം ആനകള്‍ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. കൂടാതെ കാട്ടുപന്നി, കടുവ, പുലി അടക്കമുള്ള വന്യമൃഗശല്യവും രൂക്ഷമാണ്. ആനയുടെ ആക്രമണത്തില്‍നിന്ന് എസ്റ്റേറ്റിലെ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
ചൊവ്വാഴ്ച നേരം പുലര്‍ന്നപ്പോള്‍ എസ്റ്റേറ്റ് ലയങ്ങളുടെ മുന്നില്‍ പന്നിക്കൂട്ടങ്ങളെയാണ് കണ്ടത്. വനം വകുപ്പ് രാത്രിയില്‍ ഇറക്കിവിട്ട പന്നികളാണ് സമീപത്തെ എസ്റ്റേറ്റ് ലയങ്ങളില്‍ കൂട്ടത്തോടെ എത്തിയത്. പമ്പയില്‍ ജനങ്ങളോട് ഇടപഴകി വളര്‍ന്ന കാട്ടുപന്നികള്‍ ലയങ്ങള്‍ക്ക് സമീപം എത്തിയപ്പോള്‍ മനുഷ്യരെ കണ്ട ഭയന്ന് ഓടിയില്ല. രാവിലെ വീട്ടുകാര്‍ കോഴിയ്ക്ക് കൊടുത്ത ഭക്ഷണം പന്നികള്‍ കൂട്ടതോടെയെത്തി കഴിക്കുകയും ചെയ്തു. പശുത്തൊഴുത്തിൽ പന്നികൾ കൂട്ടത്തോടെ തന്പടിച്ചിരിക്കുകയാണ്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നികളെയെത്തിച്ച് തുറന്ന് വിട്ടതോടെ ആസൂത്രിത വനവത്ക്കരണത്തിനുള്ള ശ്രമമെന്ന് ആരോപണവുമായി തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ കടുവ, പുലി അടക്കമുള്ള വന്യജീവികള്‍ എത്തിയതിന് പിന്നിലും വനം വകുപ്പാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോരുത്തോട്ടില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് നാലിന് 35-ാംമൈല്‍ വനം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ധര്‍ണയും നടത്തും.