തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ തിരുവനന്തപുരം സംസ്കൃത കോളജിലും ബാനർ. മിസ്റ്റർ ചാൻസിലർ നിങ്ങളുടെ വിധേയത്വം സർവകലാശാലയോടായിരിക്കണം, സംഘപരിവാരിനോടാകരുത്.
എന്നാണ് ബാനറിലെ വാചകം. എസ്എഫ്ഐ സംസ്കൃത കോളജ് യൂണിറ്റിന്റെ പേരിൽ കറുത്ത തുണിയിൽ വെള്ള അക്ഷരത്തിലാണ് പ്രതിഷേധ വാചകങ്ങൾ എഴുതിയിരിക്കുന്നത്.
സംസ്കൃത കോളജ് കവാടത്തിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. ഗവർണർക്കെതിരേ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായി മലപ്പുറത്ത് ഉൾപ്പെടെ വിവിധ ജില്ലകളിലെ കോളജുകൾക്കു മുന്നിൽ ഗവർണർക്കെതിരേ പ്രതിഷേധ ബാനറുകൾ ഉയർന്നിട്ടുണ്ട്.
എസ്എഫ്ഐ യുടെ പ്രതിഷേധത്തെത്തുടർന്ന് ശക്തമായ സുരക്ഷയാണ് ഗവർണർക്ക് പോലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സമാനമായ സുരക്ഷ നൽകാൻ പോലീസ് ഉന്നതതലത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു.