തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലും ടിവി ചാനലിലെ പാചക പരിപാടിയുടെ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരേ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ശക്തമാകുന്നു. കോളജില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം ശക്തമായതോടെ ലക്ഷ്മി നായര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ ഇതൊക്കെയാണ്- പേരൂര്‍ക്കടയില്‍ കുടപ്പനക്കുന്ന് റോഡിലായി പ്രവര്‍ത്തിക്കുന്ന കേരളാ ലോ അക്കാദമിയില്‍ മൂന്നു ബാച്ചുകളിലായി 1000ഓളം വിദ്യാര്‍ഥികളാണു പഠിക്കുന്നത്. ഇതില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം കോഴ്സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രവേശനം എന്ന ചട്ടം ലോ അക്കാദമി കാറ്റില്‍പ്പറത്തുകയാണ്.
തോന്നിയതുപോലെയാണു വിദ്യാര്‍ഥി പ്രവേശനം. സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാം കോളജ് തന്നെയാണു നടത്തുന്നത്. മൂന്നു വര്‍ഷ എല്‍എല്‍ബിക്കുള്ള ഈവനിംഗ് ബാച്ചിനും സര്‍ക്കാര്‍ ക്വാട്ട നടപ്പാക്കുന്നില്ല. ഇതോടൊപ്പം, അധ്യാപക നിയമനത്തിലും യുജിസി മാനദണ്ഡത്തിന്റെ ശക്തമായ ലംഘനമാണു കോളജില്‍ അരങ്ങേറുന്നത്. 50 ശതമാനം അധ്യാപകര്‍ സ്ഥാപനത്തിലെ തന്നെ സ്റ്റാഫ് ആയിരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇതു പാലിക്കുന്നില്ല. ലോ അക്കാദമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യത്തിനില്ലെങ്കിലും പെണ്‍കുട്ടികളുടെ മൂത്രപ്പുരകളില് വരെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടത്രേ.
അതേസമയം, വിദ്യാര്‍ഥി പ്രക്ഷോഭം ശക്തിയായതിനെ തുടര്‍ന്ന് തഅക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. പ്രിന്‍സിപ്പലിന് കോളജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാതെ കോളജ് അടച്ചുപൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നിയമങ്ങള്‍ക്കനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ഥികളാണ് മാനേജ്മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടി.സി വാങ്ങിപ്പോയത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ല. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇത് കോളജില്‍ നടക്കാറേയില്ല.
ലക്ഷ്മി നായര്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. അവരുടെ പ്രതികരണം ഇങ്ങനെ- ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളൊന്നും കോളജില്‍ ഉള്ളതായി എനിക്കറിയില്ല. പറയുന്നതില്‍ സത്യം ഉണ്ടെങ്കില്‍ അവര്‍ അതു തെളിയിക്കട്ടെ. പരമാവധി മാര്‍ക്ക് നല്‍കാനാണു മാനേജ്മെന്റ് ശ്രമിച്ചിട്ടുള്ളത്. അവര്‍ പറയുന്നതെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതിനാല്‍തന്നെ ഈ സമരത്തിനു പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. രഹസ്യ അജണ്ടയുടെ ഫലമായുള്ളതും വളരെ ആസൂത്രിതവുമായ സമരമാണിത്. ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ക്ലാസില്‍ കയറാത്തവരും അതുകൊണ്ടുതന്നെ ഹാജര്‍ കുറവുള്ളവരുമാണ്. എന്നിട്ടാണ് അവര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്-ലക്ഷ്മി നായര്‍ പറയുന്നു.