ചൈനയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ ലോക്ഡൗണ്‍ കടുപ്പിക്കുകയാണ് ചൈനീസ് ഗവണ്മെന്റ്. ഷിന്‍ജിയാങിലെ ഉറുംകിയില്‍ തീപിടിത്തത്തില്‍ 10 പേര് മരിക്കാന്‍ കാരണം ചൈനീസ് ഗവണ്മെന്റ് ആണെന്ന് ആരോപിച്ച് ചൈനയില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
മൂന്ന് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഷി ജിന്‍പിങും തുലയട്ടെയെന്നും ഉറുംകിയെ സ്വതന്ത്രമാക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
ഉറുംകിയിലും ഷിന്‍ജിയാങിലും ചൈനയില്‍ മൊത്തത്തിലുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിയന്ത്രണങ്ങളല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
സീറോ കോവിഡ് പോളിസിയെന്ന പേരില്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ചൈനയില്‍ തുടരുകയാണ്.
ജീവന് രക്ഷിക്കാനുള്ള ഷിയുടെ നയമെന്നാണ് നിയന്ത്രണങ്ങളെ ചൈന വിശേഷിപ്പിക്കുന്നത്. കുടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ചൈന എടുത്തിരുന്ന തീരുമാനം.
ശനിയാഴ്ച 40,000-ഓളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപനനിരക്ക് കൂടുതലുള്ള പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ ശൈത്യകാലമാണ് ചൈനയിലിപ്പോള്‍.
പ്രതിഷേധത്തിന് കാരണമായ തീപ്പിടിത്തമുണ്ടായ ഉറുംകിയില്‍ 100 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.