കൊച്ചി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളുടെ വിഷയം രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുൾപ്പെടെയുള്ളവരിലേക്ക് എത്തിക്കാൻ ശ്രമം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ടുകാണാനുള്ള ശ്രമം ഇതിനോടകം ഉടമകൾ ആരംഭിച്ചുകഴിഞ്ഞു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽകണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫ്ളാറ്റ് ഉടമകൾ വ്യക്തമാക്കി.
ഇതിന്റെ ആദ്യപടിയായി ഇന്നു വൈകുന്നേരത്തോടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്ന വിഷയവുമായി ബന്ധപ്പെട്ട നിവേദനം ഇമെയിൽ മുഖാന്തിരം കൈമാറും. തങ്ങളുടെ അവസ്ഥയും നിലവിലെ സംഭവവികാസങ്ങളും നിവേദനത്തിലൂടെ അറിയിക്കും. കൂടാതെ, വിഷയം ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാർക്കും കത്തുകളയക്കുമെന്നും ഉടമകൾ വ്യക്തമാക്കി.
പൊളിക്കൽ നടപടികളുമായി നഗരസഭ മുന്നോട്ടു പോകുകയാണെങ്കിലും തങ്ങൾ ഒഴിയില്ലെന്നാണു ഫ്ളാറ്റ് ഉടമകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ളാറ്റുകൾക്കു മുന്പിൽ പതിച്ച ഒഴിഞ്ഞുപോകണമെന്നുകാട്ടിയുള്ള നോട്ടീസിനെതിരേ ഹൈക്കോടതിയിൽ അടുത്തയാഴ്ച റിട്ട് ഹർജി ഫയൽ ചെയ്യുമെന്നും ഉടമകൾ വ്യക്തമാക്കി.
വിഷയം കേന്ദ്ര നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നതോടെ ഏതെങ്കിലും തരത്തിലുള്ള അനുഭാവ പൂർണമായ നടപടിയുണ്ടാകുമെന്നാണു ഇവരുടെ പ്രതീക്ഷ. ഫ്ളാറ്റുകളിൽനിന്ന് ഉദ്യോഗസ്ഥർ സാധനങ്ങൾ മാറ്റുമോയെന്ന ഭയത്തെത്തുടർന്ന് പ്രവാസികളായ ഏതാനും ഫ്ളാറ്റ് ഉടമകൾ തിരിച്ചെത്തി.
അടച്ചിട്ടിരിക്കുന്ന ഫ്ലാറ്റുകളുടെ ഉടമസ്ഥരാണ് തിരികെ എത്തിയിട്ടുള്ളത്. പൊളിച്ചുനീക്കേണ്ട നാല് ഫ്ളാറ്റുകളിലും ഏതാനും പേർ വിദേശത്ത് ജോലി നോക്കുന്നവരാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ എത്തുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. അതിനിടെ, തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവോണം നാളായ ഇന്നലെ നഗരസഭയ്ക്കു മുന്നിൽ ഫ്ളാറ്റ് ഉടമകൾ ഉപവാസ സമരം നടത്തി.
രാവിലെ പത്ത് മുതൽ വൈകുന്നേരംവരെ നഗരസഭാ കാര്യാലയത്തിനു മുന്പിൽ നടത്തിയ ഉപവാസത്തിൽ ഇരുന്നൂറോളം ഫ്ളാറ്റ് ഉടമകൾ പങ്കെടുത്തു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്ത സമരത്തിന് സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധിപേർ പിന്തുണ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഉടപെടണമെന്ന് എംപി ആവശ്യപ്പെട്ടു.
സുപ്രീംകോടതി ഉത്തരവുപ്രകാരം കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ലാറ്റുകളാണു പൊളിച്ചുനീക്കേണ്ടത്. ഇതിൽ ഹോളിഡേ ഹെറിറ്റേജിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. മറ്റ് ഫ്ലാറ്റുകളിലായി മുന്നൂറിലധികം കുടുംബങ്ങളാണ് കഴിഞ്ഞുവരുന്നത്. ഡോക്ടർമാരും സിനിമാ മേഖലയിൽനിന്നടക്കമുള്ളവരും ഇവിടെ താമസിച്ചുവരുന്നു.
തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ ഈ മാസം 20നു മുന്പ് പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ആറിനാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്. 23ന് കോടതി വീണ്ടും ചേരുന്പോൾ ചീഫ് സെക്രട്ടറി നേരിട്ടെത്തി വിവരങ്ങൾ ധരിപ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് അരുണ് മിശ്രയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്നാണു പൊളിച്ചു നീക്കൽ നടപടികൾ എത്രയും വേഗം ആരംഭിക്കാൻ സർക്കാർ തലത്തിൽനിന്നുതന്നെ നീക്കമുണ്ടായത്. ഇതിന്റെ ഭാഗമായി ഫ്ളാറ്റ് സമുച്ചയങ്ങളിൽ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് പരിശോധനയും നടത്തിയിരുന്നു.