ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുവാവിനെ കള്ളക്കേസില്‍ കുടുക്കിയവരെയും അവരുടെ വാക്ക് കേട്ട് അറസ്റ്റു ചെയ്ത പോലീസുകാരെയും നിയമനടപടിയ്ക്ക് വിധേയമാക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട സാമൂഹിക – സന്നദ്ധ സംഘടനയായ റൈറ്റ്സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
റൈറ്റ്സ് കോ – ഓര്‍ഡിനേറ്ററും ഇരവിപേരൂര്‍ സ്വദേശിയുമായ രഘുവിനെയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്സ് പ്രവര്‍ത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയോടെ രഘു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്, ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ചെറിയ തുകകള്‍ രഘുവിന് കൈമാറി, ഇത്തരത്തില്‍ സ്വരൂപിച്ചു കിട്ടിയ പണവുമായി രഘുവും ഭാര്യയും നാലു മണിയോടെ തിരുമൂലപുരത്തെ ക്യാമ്പിലെത്തി.
ക്യാമ്പിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയായ യുവതിയുടെയും നഗരസഭാ കൗണ്‍സിലര്‍ അജിതയുടെയും സഹായത്തോടെ രഘുവിന്റെ ഭാര്യ ആവശ്യമായ വസ്ത്രങ്ങളുടെ എണ്ണവും അളവും ക്യാമ്പിലുള്ള 27 സ്ത്രീകളില്‍ നിന്നും ശേഖരിച്ചു. കൈയിലുള്ള പണം തുണിത്തരങ്ങള്‍ വാങ്ങാന്‍ തികയില്ലെന്ന് മനസിലായതോടെ അടുത്ത ദിവസം സാധനങ്ങള്‍ വാങ്ങി വരാമെന്ന് ഉറപ്പു നല്‍കി രഘുവും ഭാര്യയും മടങ്ങി . വീട്ടിലെത്തി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പലരെയും ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാമ്പിലെ സ്ത്രീകളെ അപമാനിച്ചെന്നു കാട്ടി നഗരസഭാ കൗണ്‍സിലര്‍ അജിത നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
എന്നാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ രഘു സി ഐ അടക്കമുള്ളവരോട് കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ തിരുമൂലപുരത്തെ ക്യാമ്പില്‍ അടക്കം ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബോധ്യപ്പെടുത്തി. റൈറ്റ്സിന്റെ പ്രവര്‍ത്തകരും സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രഘുവിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന ചിലരുടെ തല്‍പ്പര ലക്ഷ്യങ്ങളാണ് പരാതിക്കും അറസ്റ്റിനും ഇടയാക്കിയതെന്ന് രഘു പ്രതികരിച്ചിരുന്നു. തുടര്‍ന്ന് രഘുവിനെ അന്യായമായി അറസ്റ്റ് ചെയ്ത് റൈറ്റ്സും മറ്റ് സന്നദ്ധ സംഘടനകളും രംഗത്തെത്തുകയായിരുന്നു. രഘുവിനെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് റൈറ്റ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വി ബി അജയകുമാര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് .
ഇതേ ആവശ്യം ഉന്നയിച്ച് തിരുവല്ല ജനാധിപത്യ വേദിയുടെ ആഭിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കെഎസ്ആര്‍ടിസി ടെര്‍മിനലിന് മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ദളിത് സംഘടനാ നേതാവും നിരൂപകനുമായ ഏകലവ്യന്‍ ബോധി ഉദ്ഘാടനം ചെയ്തു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.