കടലാമയെ കണികാണാൻ പോലുമില്ലാത്ത കായലിലെ ചെമ്മീനുകൾക്ക് എന്തിനാ അമേരിക്കയുടെ വിലക്ക്. ചോദിക്കുന്നത് കേരളത്തിലെ നീർത്തടങ്ങളിലും മറ്റും ചെമ്മീൻ കൃഷി നടത്തുന്ന കർഷകരും കായലിൽ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തി വരുന്ന പാവപ്പെ മത്സ്യതൊഴിലാളികളുമാണ്.
കടലിൽനിന്നു പിടികൂടുന്ന ഗ്രൗണ്ടിൽ കടലാമകളുടെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽനിന്നും വൻ തോതിൽ ഇറക്കുമതി ചെയ്തിരുന്ന കാര, നാരൻ, പൂവാലൻ, കരിക്കാടി തുടങ്ങിയ ചെമ്മീനുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കയറ്റുമതി മേഖലയിൽ കായൽ ചെമ്മീൻ എന്നോ കടൽ ചെമ്മീനെന്നോ വേർതിരിവ് ഇല്ലാത്തതാണ് നിരോധനത്തിൽ കായൽ ചെമ്മീനും പെട്ടുപോയത്. കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന നല്ലൊരു ഭാഗം കാര, നാരൻ, ചെമ്മീനുകൾ കായലുകളിൽനിന്ന് പിടികൂടുന്നതും, തണ്ണീർതടങ്ങളിൽ കൃഷി ചെയ്ത് എടുക്കുന്നവയുമാണ്. ഇവക്കൊന്നും കടലാമ യുമായി പുലബന്ധം പോലുമില്ല. എന്നാൽ അമേരിക്കൻ വിലക്കിന്റെ പേരിൽ എല്ലാത്തരം ചെമ്മീനുകളും കയറ്റുമതിക്കാർ വാങ്ങാതെയായി. ഇതോടെ കായലോ കടലോ എന്നില്ലാതെ കാര, നാരൻ ചെമ്മീനുകളുടെ വില കുത്തനെ ഇടിഞ്ഞു.
ഏറ്റവും വലുപ്പം കൂടിയ കാരച്ചെമ്മീന് കിലോവിന് 1150 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ ഇത് 600 ഉം 700 ഉം ആയി കുറഞ്ഞു. നാരൻ ചെമ്മീൻ വലുതിനു 700 രൂപ വരെ ഉണ്ടായിരുന്നത് 300 ഉം 350 മായി ചുരുങ്ങി. ചൂടനും, തെള്ളിക്കുമെല്ലാം വൻ വലയിടിവാണ് സംഭവിച്ചിരിക്കുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് പ്രാദേശിക മാർക്കറ്റുകളിൽ ചെമ്മീനുകൾ നല്ല തോതിൽ വിറ്റുപോകുന്നതാണ് കർഷകർക്കും, മത്സ്യതൊഴിലാളികൾക്കും ആകെയുള്ള ആശ്വാസം.
സാഹചര്യങ്ങൾ ഇതായിരിക്കെ ബന്ധപ്പെട്ടവരെ യഥാർഥ്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരോ എജൻസികളോ ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ ആരോപണം.