മങ്കൊന്പ്: ചന്പക്കുളത്ത് സപ്ലൈകോ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പിആർഎസ് വാങ്ങുന്നതിനായി ബാങ്ക് അധികൃതർ കർഷകരെത്തേടി പാടത്തേക്കെത്തി. നെടുമുടി കൃഷിഭവൻ പരിധിയിൽ വരുന്ന മണത്തറാക്കൽ ഗണപതി പാടശേഖരത്തിലെ കർഷകർക്കാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്.
സാധാരണയായി കുട്ടനാട്ടിലെ കർഷകർക്ക് നെല്ലുസംഭരണവും നെല്ലുവില ലഭിക്കുന്നതും നെല്ലുത്പാദനത്തെക്കാൾ തലവേദയാണ്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യങ്ങളും കർഷകർ കൂട്ടമായി സഹകരബാങ്കുകളെ ആശ്രയിക്കാൻ തുടങ്ങിയതുമാണ് മറ്റു ബാങ്കുകളെ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചത്.
270 ഏക്കർ വരുന്ന പാടശേഖരത്തിലെ 176 കർഷകരിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. അഞ്ചു ദിവസം മുൻപാണ് ഇവിടെ വിളവെടുപ്പ് പൂർത്തായായത്. തിങ്കളാഴ്ചകൊണ്ട് ഇവിടുത്തെ നെല്ലുസംഭരണവും പൂർത്തിയായിരുന്നു. പാലക്കാടുള്ള മില്ലുടമയാണ് നെല്ലു സംഭരിച്ചത്.
സപ്ളൈകോ സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വായ്പയായിട്ടാണ് കുറെ വർഷങ്ങളായി കർഷകർക്കു ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി കർഷകർ നെല്ലു വിറ്റതിന്റെ രസീത് ബാങ്കുകളിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി കർഷകർ പലവട്ടം ബാങ്കുകളിൽ കയറിയിറങ്ങേണ്ടതുണ്ട്. ഈ കഷ്ടപ്പാടാണ് ഇന്നലെ ബാങ്ക് അധികൃതർ പാടത്തെത്തിയതോടെ കർഷകർക്ക് ഒഴിവായത്.
ചന്പക്കുളത്തെ എസ്ബിഐ, ഫെഡറൽ ബാങ്ക് ശാഖകളിലെ അധികൃതർ ബുധനാഴ്ച തന്നെ പാടശേഖരസമിതി സെക്രട്ടറി പി.വി മാധവൻ നന്പൂതിരി, പ്രസിഡന്റ് അപ്പച്ചൻകുട്ടി വാരിക്കാട് എന്നിവരെ ഫോണിൽ വിളിച്ച് തങ്ങളെത്തുന്ന വിവരം അറിയിച്ചിരുന്നു.
ഇതിന്റെ ഫലമായി ഭാരവാഹികൾ കർഷകരെ വിളിച്ച് അഡ്രസും മറ്റു ആവശ്യമായ രേഖകളും ശേഖരിച്ചിരുന്നു. രാവിലെ ഒൻപതോടെ ബാങ്കധികൃതർ എത്തി ഉച്ചയ്ക്കു മുൻപായി കർഷകരിൽനിന്നും പിആർഎസ് കൈപ്പറ്റി.
ഒരാഴ്ചയ്ക്കുള്ളിൽ നെല്ലുവില വായ്പയായി ലഭിക്കുമെന്നതിനാൽ കർഷകർ കൂട്ടമായി ജില്ലാ സഹകരണ ബാങ്കുകളിലേക്കു പോയിരുന്നത് മറ്റു ബാങ്കുകൾക്കു നഷ്ടമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തെ അതിജീവിക്കാനാണ് ബാങ്കധികൃതർ പുതിയ നടപടിയുമായി രംഗത്തെത്തിയത്. പരമാവധി വേഗത്തിൽ നെല്ലുവില ലഭ്യമാക്കുമെന്നാണ് ബാങ്കധികൃതർ കർഷകർക്ക് ഉറപ്പുനൽകിയിരിക്കുന്നത്.