കോട്ടയം: സംസ്ഥാന സഹകരണബാങ്കുകളുടെ നെല്ല് കരാര്‍ ഉടമ്പടിപത്രംതന്നെ വ്യക്തമാക്കുന്നു പാഡി റസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ഒരു കൊലക്കുരുക്കാണെന്ന്.
നെല്ല് ഏറ്റെടുക്കുമ്പോള്‍ പാഡി ഓഫീസര്‍ നല്കുന്ന പിആര്‍എസ് പ്രകാരമുള്ള മുന്‍കൂര്‍ വായ്പ പന്ത്രണ്ട് മാസത്തിനുള്ളില്‍ സംഭരണച്ചുമതലയുള്ള സപ്ലൈകോ അടച്ചുതീര്‍ത്തില്ലെങ്കില്‍ 8.50 ശതമാനം പലിശ ഉള്‍പ്പെടെ ലോണ്‍ സ്വന്തം അക്കൗണ്ടില്‍നിന്നോ ആസ്തിവകകളിൽനിന്നോ ഈടാക്കുന്നതിന് സഹകരണബാങ്കിന് അധികാരമുണ്ടെന്ന കരാര്‍ കര്ഷകന് റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ടു നല്‍കണം.
പിആര്‍എസ് അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിക്കുന്ന ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ഇത്തരത്തില്‍ കരാറുകളുണ്ട്. നിലവില്‍ വിരിപ്പുകൊയ്ത്ത് ഒരു മാസം പിന്നിടുമ്പോള്‍ പിആര്‍എസ് വാങ്ങിവയ്ക്കാന്പോലും ഏറെ ബാങ്കുകളും തയാറാകുന്നില്ല. കടക്കെണിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് എന്നു തുക നല്‍കും എന്നതിലെ ആശങ്കയാണ് പിആര്‍എസ് വാങ്ങുന്നതില്‍നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്.
പിആര്‍എസിന്റെ ഈടില്‍ ലോണ്‍ അനുവദിക്കുന്നതോടെ കര്ഷകന് വലിയൊരു ബാധ്യതയിലാവുകയാണ്. സര്‍ക്കാരില്‍നിന്ന് പണം അനുവദിച്ച് സപ്ലൈകൊ ബാങ്കില്‍ ലോണ്‍ തുക അടയ്ക്കും വരെ ഇതേ കര്ഷകന് മറ്റു ലോണുകളോ സഹായങ്ങളോ ലോണ്‍ അനുവദിച്ച ബാങ്ക് നിഷേധിക്കുന്നു. അതായത് തുക സര്‍ക്കാര്‍ അടച്ചുതീര്‍ക്കുന്നതുവരെ കര്ഷകന് ബാങ്കിലെ ബാധ്യതക്കാരനാണ്.
കര്‍ഷകര്‍ അധ്വാനിച്ചു വിളയിക്കുന്ന നെല്ലിന് രൊക്കം പണം കൊടുക്കാന്‍ സപ്ലൈകോയ്ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് ബാങ്കുകളെ ഇടനിലക്കാരാക്കി ലോണ്‍ എന്ന പേരില്‍ പണം നല്‍കേണ്ടിവരുന്നത്.
സ്വകാര്യമില്ലുകള്‍ കിലോയ്ക്ക് 22 രൂപ രൊക്കം നല്കി നെല്ലുവാങ്ങാന്‍ തയാറായിരിക്കേ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെ 28.20 രൂപ നൽകുമെന്ന ആശ്വാസത്തിലാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്.
നെല്ല് സംഭരണം എന്നതുതന്നെ സപ്ലൈകോയിലെ ഒരു വിഭാഗവും ഇടനിലക്കാരും സ്വകാര്യമില്ലുകളും ചേര്‍ന്നൊരു പകല്‍ക്കൊള്ളയാണ്. ഈര്‍പ്പത്തിന്റെ പേരില്‍ ഒരു ക്വിന്റല്‍ നെല്ലിന് ഏഴും എട്ടും കിലോ കിഴിവുതള്ളിയശേഷമാണ് തൂക്കം കല്‍പ്പിക്കുന്നത്.
തൂക്കം കൃത്യമായി കാണാവുന്ന ഇലക്ട്രോണിക് ത്രാസുകള്‍ സപ്ലൈകോയ്ക്ക് ഏറെയിടങ്ങളിലുമില്ല കാലഹരണപ്പെട്ട പെട്ടിത്രാസില്‍ ഇടനിലക്കാര്‍ അതിവേഗത്തില്‍ ചാക്കുകള്‍ കയറ്റിയിറക്കുമ്പോള്‍ കൃത്യമായ തൂക്കം കാണാനോ കുറിക്കാനോ കര്‍ഷകര്‍ക്ക് സാവകാശം ലഭിക്കാറില്ല.
കുത്തു കമ്പനികള്‍ നെല്ല് ഏറ്റെടുക്കുമ്പോള്‍ സപ്ലൈകോ ആ സമയം പാടത്തു നല്‍കുന്നത് തൂക്കം കുറിച്ച തുണ്ടു കടലാസ് മാത്രമാണ്. ഈ കടലാസിന്റെ ബലത്തില്‍ ദിവസങ്ങള്‍ക്കു ശേഷമാണ് പാഡി ഓഫീസര്‍ പിആര്‍എസ് രസീത് എഴുതിക്കൊടുക്കുക. നെല്ല് സംഭരണത്തിനു മുന്‍പുതന്നെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ കര്‍ഷകരുടെ പിആര്‍എസ് മാത്രമേ ബാങ്കുകള്‍ സ്വീകരിക്കുകയുള്ളു.
വിത മുതല്‍ കൊയ്ത്തുവരെ തൊഴിലാളികളുടേതുള്‍പ്പെടെ ഏറെപ്പേരുടെ കൊടുംചൂഷണത്തിന്റെ ഇരകളാണ് നെല്‍കര്‍ഷകര്‍. തരിശുപാടങ്ങളില്‍ കൃഷിയിറക്കാന്‍ സബ്സിഡി ഉള്‍പ്പെടെ കൃഷി വകുപ്പ് പദ്ധതി ആവിഷ്കരിച്ചപ്പോള്‍ ആയിരക്കണക്കിന് ഏക്കര്‍ പാടം മൊത്തമായി എടുത്ത് വന്‍കിടക്കാര്‍ കൃഷിയിറക്കുന്നുണ്ട്.
ഈ നെല്‍കൃഷി വീണ്ടെടുപ്പു പദ്ധതിയില്‍ മില്ലുകളുടെയും അവരുടെ സ്വന്തം അരിക്കമ്പനികളുടെയും ബിനാമികളാണ് നെല്‍കൃഷി നടത്തി സബ്സിഡി വാങ്ങിയെടുക്കുന്നത്.
വിളയുന്ന നെല്ല് സപ്ലൈകോ വഴി 28.20 രൂപയ്ക്കു വാങ്ങിയശേഷം അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഗുണമേന്മ കുറഞ്ഞ അരി സപ്ലൈകോയ്ക്ക് പകരം നൽകിയശേഷം മികച്ച അരി സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കുന്ന തട്ടിപ്പ് ഏറെക്കാലമായി തുടരുന്നു.
കേരളത്തില്‍ വിളയുന്നതും സപ്ലൈകോ സംഭരിക്കുന്നതുമായ 10 ശതമാനം നെല്ലുപോലും റേഷന്‍കടകളിലൂടെ വിതരണം ചെയ്യപ്പെടുന്നില്ലെന്ന പകല്‍സത്യം നിലനില്‍ക്കേയാണ് ചെറുകിട കര്‍ഷകരെ പിആര്‍എസിന്റെ മറവില്‍ ബാങ്ക് കെണിയില്‍പ്പെടുത്തുന്ന കൊടുംചതി.