കോട്ടയം: പാഴ്സൽ ബിരിയാണിയിൽ കോഴിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ വിൽപ്പനക്കാരനെതിരേ കേസെടുക്കില്ല. പകരം പിഴ ഈടാക്കും.പിഴയടപ്പിച്ച് വാഹനം വിട്ടുകൊടുക്കാനാണ് തീരുമാനമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ഒരു ലക്ഷം രൂപ വരെ പിഴ അടപ്പിക്കാവുന്ന കേസാണിത്.
ബിരിയാണി വിൽപ്പന നടത്തിയ ആളെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ പിഴ എത്രയെന്ന് തീരുമാനിക്കൂ. കേസിന്റെ ഗൗരവം എത്ര, ഈ സംഭവം പൊതുജനങ്ങളെ എങ്ങനെ ബാധിക്കും, എത്ര ബിരിയാണി വിൽപ്പന നടത്തി തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും പിഴ എത്രയെന്ന് തീരുമാനിക്കുക.
മനുഷ്യ ജീവന് ഹാനികരമായ ഭക്ഷണമാണെങ്കിൽ ക്രിമിനൽ കേസ് രജിസറ്റർ ചെയ്യാവുന്നതാണ്. ഇവിടെ അതുസംബന്ധിച്ച കാര്യങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ കേസെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ഫുഡ് സേഫ്റ്റി അധികൃതർ.
കോട്ടയം കളക്ടറേറ്റിനുസമീപം കാറിൽ വിൽപ്പന നടത്തിയ ബിരിയാണി പായ്ക്കറ്റിൽ കോഴിയുടെ അവശിഷ്ടം കണ്ടെത്തിയെന്നാണു പരാതി. 80രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങി രണ്ടു പേർ കഴിക്കാനായി പായ്ക്കറ്റ് തുറന്നു നോക്കിയപ്പോഴാണു കോഴിയുടെ അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടത്.
പരാതിയെ തുടർന്ന് പോലീസ് എത്തി ബിരിയാണി വില്പന നടത്തിയിരുന്ന നാനോ കാർ കസ്റ്റഡിയിലെടുത്ത് ഇവരെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന് കൈമാറുകയായിരുന്നു.