ക്രൂഡ് വില റിക്കാർഡുകൾ ഭേദിച്ച സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ രാജ്യത്ത് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്നു സർക്കാർവൃത്തങ്ങൾ അറിയിച്ചു.
യുപി തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ച് രാജ്യത്ത് നാലു മാസത്തിലേറെയായി ഇന്ധനവില വർധിപ്പിച്ചിരുന്നില്ല.
മാർച്ച് ഏഴിനു ശേഷം ഇന്ധനവിലയിൽ ഘട്ടംഘട്ടമായി വർധന കൊണ്ടുവരാൻ എണ്ണ വിതരണ കന്പനികൾക്ക് അനുമതി നല്കുമെന്നാണു വിവരം.
അതേസമയം, വിലക്കയറ്റം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി കുറച്ച് വില വർധനയുടെ ഭാരം ലഘൂകരിക്കാനും ആലോചനയുണ്ട്.
ഇതേ ആവശ്യം പാർലമെന്റ് സമ്മേളനം ഈ മാസം 14 ന് ചേരുന്പോൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കുകയാണ്.
എന്നാൽ ഈ സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ നികുതിയിളവുണ്ടാകില്ലെന്നാണു സർക്കാർ വൃത്തങ്ങൾ നല്കുന്ന സൂചന.
പെട്രോളിനും ഡീസലിനും ലിറ്ററിന് 10 മുതൽ 12 രൂപവരെ വർധിപ്പിക്കണമെന്നാണ് എണ്ണ വിതരണക്കന്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
വിലക്കയറ്റം രൂക്ഷമാകും
മുംബൈ: റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്നുണ്ടായ ക്രൂഡ് വില വർധനയും ചരക്കുനീക്കത്തിലെ പ്രതിസന്ധിയും ലോകമെന്പാടും വിലക്കയറ്റം രൂക്ഷമാക്കുന്നു.
ഇന്ത്യയിൽ ഇന്ധനവില വർധനയ്ക്കു സർക്കാർ പച്ചക്കൊടി വീശിയാൽ ഭക്ഷ്യോത്പന്നങ്ങളിലുൾപ്പെടെ വലിയ വിലക്കയറ്റമാണുണ്ടാവുക.
ഇന്ധനവിലയിലുണ്ടാകുന്ന 10 ശതമാനം വർധനപോലും ചില്ലറ വിലക്കയറ്റ സൂചികയിൽ 50 മുതൽ 60 ബേസിസ് പോയിന്റിന്റെവരെ വർധനയുണ്ടാക്കുമെന്നാണു വിദഗ്ധർ പറയുന്നത്.
രാജ്യത്തെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുളള ചില്ലറവിലക്കയറ്റം ജനുവരിയിൽ 6.01 ശതമാനമായിരുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്.
മാത്രമല്ല ആർബിഐയുടെ അനുവദനീയ വിലക്കയറ്റപരിധിയായ ആറു ശതമാനം ജനുവരിയിൽ മറികടക്കുകയും ചെയ്തു.
റഷ്യ യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഗോതന്പ്, രാസവളം, സോയാബീൻ, കോപ്പർ, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയുടെ ആഗോള വിലയിലും കഴിഞ്ഞ ദിവസങ്ങളിൽ വൻവർധനയുണ്ടായിരുന്നു.
ഇതിന്റെ അനന്തര ഫലങ്ങൾ വൈകാതെതന്നെ ഇന്ത്യൻ വിപണിയിലുമെത്തും.
റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമാണ് ആഗോള ഗോതന്പ് കയറ്റുമതിയുടെ 29 ശതമാനവും ചോളം കയറ്റുമതിയുടെ 19 ശതമാനവും സണ്ഫ്ലവർ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും വരുന്നത്.
ഇതിനോടകംതന്നെ രാജ്യത്ത് പാം ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയിൽ വർധനയുണ്ടായിട്ടുണ്ട്. യുദ്ധത്തെത്തുടർന്ന് ചരക്കുനീക്കം തടസപ്പെട്ടതാണു കാരണം.
ഇന്ധന വില വർധനകൂടി എത്തുന്നതോടെ സാധാരണക്കാരുടെ കീശ ചോരുമെന്ന് ഏതാണ്ട് ഉറപ്പാണ്.