തൊടുപുഴ: കെസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കുകയും നാളെ മുതൽ സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പിൽ ജി -ഫോം നൽകി സർവീസുകൾ നിർത്തുകയും ചെയ്യുന്നതോടെ തൊടുപുഴ മേഖലയിൽ ജനങ്ങൾക്ക് യാത്രാ ദുരിതമേറുമെന്ന് സൂചന.
നിലവിൽ ഉണ്ടായിരുന്നതിന്റെ പകുതി സർവീസുകൾ പോലും കെഎസ്ആർടിസി ഇപ്പോൾ നടത്തുന്നില്ല.
യാത്രക്കാരുടെ കുറവു മൂലമുണ്ടായിരിക്കുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചത്. സ്വകാര്യ ബസുകളും സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നാളെ മുതൽ ബസുകൾ നിർത്തിയിടാൻ തീരുമാനിച്ചിരിക്കുന്നത്.
സർവീസ് നിർത്തുന്നതിനായി തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസിൽ 36 ബസുടമകൾ ഇതിനോടകം ജി-ഫോം അപേക്ഷ നൽകിക്കഴിഞ്ഞു. കനത്ത നഷ്ടം സഹിച്ച് സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകൾ നാളെ മുതൽ വാഹനങ്ങൾ ഓടിക്കേണ്ടെന്ന് തീരുമാനിച്ചത്. മൂന്നു മാസം സർവീസുകൾ നിർത്താനായുള്ള അപേക്ഷയാണ് ബസുടമകൾ നൽകിയിരിക്കുന്നത്.
ഈ കാലയളവിനുള്ളിൽ പ്രതിസന്ധി മാറിയാൽ ബസുകൾ നിരത്തിലിറക്കാനാണ് ഉടമകളുടെ തീരുമാനം. എന്നാൽ തൊടുപുഴ മേഖലയിൽ സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തുന്നതോടെ പല മേഖലകളിലും യാത്രാ ക്ലേശം രൂക്ഷമാകുമെന്നുറപ്പാണ്.
തൊടുപുഴയിൽ നിന്നും പാലാ, മൂവാറ്റുപുഴ, വണ്ണപ്പുറം, പൂമാല, ഉടുന്പന്നൂർ, മൂലമറ്റം, ഈരാറ്റുപേട്ട റൂട്ടുകളിൽ ഒട്ടേറെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
ഈ റൂട്ടുകളിൽ ചുരുക്കം കെഎസ്ആർടിസി മാത്രമാണ് സർവീസ് നടത്തുന്നത്. ആനക്കയം റൂട്ടിൽ ഓടിയിരുന്ന ഏക കെഎസ്ആർടിസി ബസ് കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു.
തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോവിഡ് പ്രതിസന്ധിക്ക് മുൻപ് 52 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 20 സർവീസുകളാണ് നടത്തുന്നത്. ഇതാകട്ടെ കോട്ടയം, എറണാകുളം, കൂത്താട്ടുകളം , കട്ടപ്പന , ദേവികുളം, മൂലമറ്റം റൂട്ടുകളിലേക്കാണ്.
എന്നാൽ സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കും. യാത്രാ ദുരിതം കൂടുതലായുള്ള മേഖലകളാണ് പലതും.
തൊടുപുഴയിൽ നിന്നും വണ്ണപ്പുറം വഴി ചേലച്ചുവടിനു സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ നിർത്തിയിരിക്കുകയാണ്. ഈ റൂട്ടിൽ പല മേഖലകളും കണ്ടെയ്ൻമെന്റ് സോണുകളായതിനെ തുടർന്നാണ് സർവീസ് നിർത്തിയത്.
കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനാവശ്യമായ വാഹനങ്ങളും ജീവനക്കാരും നിലവിൽ തൊടുപുഴ ഡിപ്പോയിലുണ്ട്. നൂറോളം ജീവനക്കാർ എല്ലാ ദിവസവും ഡിപ്പോയിൽ ഹാജർ രേഖപ്പെടുത്തുന്നുണ്ട്.
52 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്നപ്പോൾ ബസ് ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടിയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ സിംഗിൾ ഡ്യൂട്ടിയാണ് നൽകുന്നത്. അതിനാൽ കടുതൽ പേർക്കും എല്ലാ ദിവസവും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നില്ല.
യാത്രക്കാരുടെ കുറവു മൂലം കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാത്ത സാഹചര്യത്തിൽ നാളെ മുതൽ കൂടുതൽ ജീവനക്കാരെ ഉപയോഗപ്പെടുത്തി വിവിധ മേഖലകളിലേക്ക് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.