പൊതുവെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെങ്കിലും ഹര്‍ത്താലെന്ന് പറയുമ്പോ അവധിയെടുത്ത് വീട്ടിലിരിക്കാമല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നവരായിരുന്നു, അടുത്ത നാളില്‍ വരെ മലയാളികള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ ബിജെപി നടത്തിയ ഹര്‍ത്താല്‍ ചെറിയ രീതിയിലൊന്നുമല്ല, മലയാളികളെ ചൊടിപ്പിച്ചത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നീതി പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തി വന്ന സമരപ്പന്തലിലേക്ക് ഓടിക്കയറി പാര്‍ട്ടിക്കാരനെന്ന് അവകാശപ്പെടുന്ന വ്യക്തി ആത്മഹത്യ ചെയ്ത വിഷയത്തിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ബിജെപി സംസ്ഥാനത്തുടനീളം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍, താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന അവസ്ഥയാണിപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്.
കുറച്ചൊന്ന് തലപൊക്കി തുടങ്ങി എന്ന് കണ് സമയത്ത് ആവശ്യത്തിനും അനാവശ്യത്തിനും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അവര്‍ തന്നെ ജനങ്ങളെ പ്രകോപിതരാക്കി. ഇത് അക്കൂട്ടര്‍ക്ക് തന്നെ മനസിലാവുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ പഴി മുഴുവന്‍ കേള്‍ക്കുന്നത് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയാണ്.
കോര്‍ക്കമ്മിറ്റി യോഗങ്ങളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഹര്‍ത്താല്‍ ജനവികാരം എതിരാക്കി എന്നാരോപിച്ചാണ് വിമര്‍ശനം. വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിലെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.
എന്നാല്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യ അസാധാരണ സംഭവമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അത് കൊണ്ട് ഹര്‍ത്താല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു ശ്രീധരന് പിള്ളയുടെ പക്ഷം.
കോര്‍കമ്മിറ്റിയോഗത്തിലും അതിനു ശേഷം നടന്ന ഭാരവാഹി യോഗത്തിലുമാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ എം.ടി രമേശ് മാത്രമാണ് ഹര്‍ത്താലിനെ പിന്തുണച്ചത്.
വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. കാര്യമായ കൂടിയാലോചന നടത്താതെ ചിലര്‍ സ്വന്തംനിലക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്ന വികാരമാണ് പാര്ട്ടിക്കുള്ളിലുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
സംസ്ഥാനത്തുണ്ടായിരുന്ന കോര്‍ കമ്മിറ്റി അംഗങ്ങളുമായിപോലും ആലോചിക്കാതെ നേതൃത്വത്തിലെ ഒരു സംഘം ഏകപക്ഷീയമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് വി.മുരളീധര പക്ഷം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരും ഹര്‍ത്താല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു.