സീമ മോഹൻലാൽ
കുറ്റാന്വേഷണ മികവിനൊപ്പം സംഗീത ലോകത്തും ശ്രദ്ധേയമാകുകയാണ് പി.എസ് ഷിജു എന്ന സർക്കിൾ ഇൻസ്പെക്ടർ. ശാസ്ത്രീയമായി സംഗീതം പഠിക്കാതെ തന്നെ സംഗീത ലോകത്ത് വിസ്മയമൊരുക്കുകയാണ് ഇദേഹം. ആലപ്പുഴ കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ഷിജു പാടിയ പല ആൽബങ്ങളും ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.
ഓണാഘോഷ പരിപാടിയിലൂടെ തുടക്കം
രണ്ടു വർഷം മുന്പ് ഹിൽപാലസ് സിഐ ആയിരിക്കെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ഓണാഘോഷ പരിപാടിയിൽ ഒരു പാട്ടുപാടിയായിരുന്നു അരങ്ങേറ്റം. ജോണ്സണ് മാഷിന്റെ മെല്ലേ മെല്ലേ മുഖപടം എന്ന പാട്ടാണ് ഷിജു പാടിയത്. നിറഞ്ഞു കവിഞ്ഞ സദസിൽ നിന്നു ലഭിച്ച കരഘോഷം അദേഹത്തിന് ആത്മവിശ്വാസമേകി.
തുടർന്ന് തൃപ്പൂണിത്തുറയിലെ രണ്ടു മ്യൂസിക് ക്ലബുകളിൽ പാടാൻ തുടങ്ങി. പിന്നീട് ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്ത രണ്ടു മൂന്നു പാട്ടുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് സോഷ്യൽമീഡിയയിൽ നിന്ന് ഗംഭീരമായ പിന്തുണയാണ് ലഭിച്ചത്.
ആൽബങ്ങളിലൂടെ ശ്രദ്ധേയൻ
കഴിഞ്ഞ വർഷം ഓണത്തിന് ഒരു സംഗീത ആൽബത്തിൽ സിഐ ഷിജു പാടിയെങ്കിലും പ്രളയം മൂലം അതു ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് സംഗീത സംവിധായകനായ സൈഗാളിന്റെ ഭക്തിഗാന കാസറ്റിൽ പാടി.
സുനിൽ 9 ടെക് എഴുതി ജീവൻദാസ് സംഗീത സംവിധാനം നൽകിയ പൊന്നാവണി എന്ന ആൽബം ഓണക്കാലത്ത് ഇറങ്ങിയിരുന്നു. അതിലെ പാട്ടുകളും ഷിജു തന്നെയാണ് പാടിയത്. ഇത് ഏറെ ഹിറ്റായിരുന്നു.
“ഗോൽഗൊൽത്തായിലെ പരമയാഗം
സെഹിയോൻ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നതി നിൻ തനയർ’…. എന്ന ഗാനം ഷിജുവിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. മണ്ഡലകാലത്തോടനുബന്ധിച്ച് ഷിജു പാടിയ ഹരിഹര സുതൻ എന്ന സംഗീത ആൽബവും ഏറെ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.
നവാഗതർക്ക് പ്രോത്സാഹനമായി റിലാക്സ്
സംഗീതത്തിൽ താൽപര്യമുള്ളവരെയും ഗായകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സിഐ ഷിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഒരു മ്യൂസിക് ബാൻഡ് രൂപം കൊണ്ടു. റിലാക്സ് എന്നു പേരിട്ടിരിക്കുന്ന ഈ ബാൻഡിലെ അണിയറ പ്രവർത്തകരെല്ലാം തൃപ്പൂണിത്തുറയിൽ നിന്നുള്ളവരാണ്. സിഐ ഷിജുവാണ് അതിലെ മുഖ്യഗായകൻ.
മെലഡിയോട് താല്പര്യം
ജോലിത്തിരക്കിനിടയിലും സംഗീതത്തോടുള്ള താല്പര്യം കൊണ്ടാണ് പാടാൻ സമയം കണ്ടെത്തുന്നതെന്ന് ഷിജു പറയുന്നു. ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ജോലിത്തിരക്കുകൊണ്ട് അതു നടക്കുന്നില്ല. എന്തായാലും ഇനി സമയം കണ്ടെത്തി സംഗീതം പഠിക്കുമെന്ന് ഷിജു പറയുന്നു. സംഗീതം ഒരു പാഷനായി കരുതുന്നതുകൊണ്ട് എപ്പോഴും പാട്ടുകേൾക്കും. ആ പാട്ടുകളാണ് പിന്നീട് പാടുന്നതെന്ന് ഷിജു പറഞ്ഞു.
മെലഡിയാണ് ഇദേഹം കൂടുതലും പാടാറുള്ളത്. ഇത്തരത്തിലുള്ള മനോഹരമായ പാട്ടുകൾ തെരഞ്ഞെടുക്കുന്നത് നർത്തകി കൂടിയായ ഭാര്യ ശ്രീകലയാണെന്ന് ഷിജു പറയുന്നു. സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഭർത്താവ് പാട്ടു പാടികേൾപ്പിക്കുന്പോൾ തെറ്റുണ്ടെങ്കിൽ ശ്രീകല തിരുത്തിക്കൊടുക്കാറുമുണ്ട്.
കേരള പോലീസിലെ പ്രഗത്ഭരായ പോലീസ് ഓഫീസർമാരിൽ ഒരാളായ പി.എസ്. ഷിജുവിന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉൾപ്പെടെയുള്ളഅംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡിഗ്രി വിദ്യാർഥിയായ സഞ്ജയും തൃപ്പൂണിത്തുറ ചിൻമയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ സനതുമാണ് മക്കൾ.