കോഴിക്കോട്: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന ചാനൽ വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരൻപിള്ള രാഷ്ട്രദീപികയോട് പറഞ്ഞു. അങ്ങനെയൊന്ന് ഇതുവരെ താനോ, പാർട്ടിയോ തീരുമാനിച്ചിട്ടില്ല.
ജീവിതത്തിൽ ഒരിക്കൽ പോലും സ്ഥാനമാനങ്ങളുടെ പിറകെ പോയിട്ടില്ല, ഇനി പോകുകയുമില്ല. എനിക്ക് അതാവണം, ഇതാവണം എന്നുപറഞ്ഞ് പാർട്ടി നേതൃത്വത്തെ ഇതുവരെ സമീപിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല. അവർ വെറുതെ വാർത്ത മെനയുകയാണ്. താൻ നൂറു പുസ്തകങ്ങൾ രചിച്ചതുമായി ബന്ധപ്പെട്ടാണ് ചാനലുകാർ ഇന്റർവ്യൂവിന് വന്നത്. വാർത്താക്ഷാമം പരിഹരിക്കാൻ അവർ ഇന്റർവ്യു വളച്ചൊടിച്ചതാണ്. പാർട്ടിയാണ് തനിയ്ക്കെല്ലാമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കാൻ ധാരണയായെന്ന് റിപ്പോർട്ട്. മണ്ഡലത്തിൽ പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ലാത്ത നേതാവെന്ന പരിഗണനയും കണക്കിലെടുത്താണ് പാർട്ടി സംസ്ഥാന നേതൃത്വം ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയിലെത്തിയത്. കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കഴിഞ്ഞതവണ ചെങ്ങന്നൂരിൽ എൻഡിഎ മുന്നണി സ്ഥാനാർഥിയായി ശ്രീധരൻ പിള്ളയായിരുന്നു മത്സരിച്ചത്. മികച്ച പ്രകടനം എൻഡിഎയ്ക്കുവേണ്ടി കാഴ്ചവയ്ക്കാൻ ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞിരുന്നു. തന്നെ സ്ഥാനാർഥിയാക്കണമെന്നതാണ് പാർട്ടിയുടെ താത്പര്യമെന്ന് ശ്രീധരൻപിള്ള ഇന്ന് രാവിലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുക കൂടി ചെയ്തതോടെ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ എൻഡിഎയ്ക്കുവേണ്ടി പോരാട്ടത്തിനിറങ്ങുമെന്നത് വ്യക്തമായിക്കഴിഞ്ഞു.
ചെങ്ങന്നൂർ സ്വദേശിയായ ശ്രീധരൻപിള്ള വർഷങ്ങളായി കോഴിക്കോടാണ് താമസമെങ്കിലും ചെങ്ങന്നൂരിലെ വ്യക്തിബന്ധങ്ങളും സംഘടനാ ബന്ധങ്ങളും സജീവമായി നിലനിർത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിലെ പാർട്ടി പരിപാടികളിലും സാംസ്കാരിക വേദികളിലുമെല്ലാം സജീവമായിരുന്നു. കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ സംഘടിപ്പിച്ച പണ്ഡിത് ദീൻദയാൽ ഉപാധ്യായ അനുസ്മരണ പരിപാടിയിലും നിധി സമർപണത്തിലും ശ്രീധരൻ പിള്ള സജീവമായിരുന്നു.
എൻഎസ്എസിനും എസ്എൻഡിപിയ്ക്കും ഒരുപോലെ താത്പര്യമുള്ള നേതാവാണ് ശ്രീധരൻപിള്ളയെന്നതും ഘടകകക്ഷികൾക്കും ശ്രീധരൻ പിള്ളയെ താത്പര്യമാണെന്നതും കൂടി പരിഗണിച്ചാണ് മണ്ഡലത്തിൽ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കാൻ ബിജെപി നേതൃത്വം ധാരണയിലെത്തിയത്.