സ്വന്തം ലേഖകന്‍
കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ പ്രതിക്കൂട്ടിലായ ബിജെപി സംസ്ഥാന പ്രസിഡന്റ്പി.എസ്.ശ്രീധരന് പിള്ളയെ തളയ്ക്കാനൊരുങ്ങി സര്‍ക്കാര്‍. ശബരിമലവിഷയത്തില്‍ കത്തികയറിയ ബിജെപിയെ അവസാനനിമിഷം പിറകോട്ടടിച്ച സന്തോഷത്തിലാണ് സര്‍ക്കാരും രാഷ്ട്രീയ എതിരാളികളും യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും ശ്രീധരന് പിള്ളക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്.
നിലവില്‍ കോടതിയലക്ഷ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനെതിരേ കേസുണ്ട്. പുതിയ കേസും വരുന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശരിക്കും പ്രതിരോധത്തിലാകും. നന്മണ്ട സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ ശ്രീധരന് പിള്ളക്കെതിരേ പരാതി നല്‍കിയത്.
ക്രിമിനല്‍ ഗൂഡാലോചന, കോടതി അലക്ഷ്യത്തിന് പ്രേരിപ്പിക്കല്‍ , കലാപത്തിന് ആഹ്വാനം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ശ്രീധരന്‍പിള്ളക്കെതിരേ കേസടുക്കണമെന്നാണ് ആവശ്യം. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന് പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
ശ്രീധരന് പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍ .) ആലപ്പുഴ ജില്ലാ കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ ഗൂഢാലോചനയാണെന്ന് ഐഎന്‍എല്‍ വ്യക്തമാക്കി.
അതേസമയം പലകോണുകളില്‍ നിന്നും എതിര്‍പ്പ് രുക്ഷമായതോടെ ബിജെപിയിലെ വിഭാഗീയതയും മറനീക്കി പുറത്തുവന്നു. യുവമോര്‍ച്ച നേതൃസംഗമത്തില്‍ നടത്തിയ പ്രസംഗം വിവാദമാക്കിയതില്‍ യുവേമാര്ച്ചയിലെ ഒരുവിഭാഗത്തിന് പങ്കുള്ളതായാണ് വിലയിരുത്തല്‍ . വിവാദ പ്രസംഗം നേരത്തെതന്നെ ഒരു അച്ചടിമാധ്യമത്തില്‍ വന്നിരുന്നുവെങ്കിലും വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പുര്‍ണ രൂപം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു.
ബിജെപി അജന്‍ഡയില്‍ എല്ലാവരും വീണു എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കി. ഇതിനൊപ്പം കേസ് കൂടി എടുക്കാനുള്ള സാഹചര്യം ഉണ്ടായതോടെ തല്‍ക്കാലത്തേക്കെങ്കിലും ശ്രീധരന് പിള്ളയ്ക്ക് തീവ്ര നിലപാടുകളില്‍ നിന്നും മാറി നില്ക്കേണ്ടിവരും.
അഭിഭാഷകനായതിനാല്‍ തന്നെ എല്ലാ നിയമവശങ്ങളും മനസിലാക്കി ഒരു ഭാഗത്ത് പാര്‍ട്ടിയെയും മറുഭാഗത്ത് സ്വന്തം കേസും നടത്തികൊണ്ടുപേകേണ്ടഅവസ്ഥയാണ് ഇദ്ദേഹത്തിന് വന്നുചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സ്വതവേ മാധ്യമപ്രവര്‍ത്തകരോട് ശാന്തമായും സൗഹാര്‍ദ്ദപരമായും ഇടപെടാറുള്ള അദ്ദേഹം ഇന്നലെ പ്രകോപിതനായതും.
നിലവിലെ വിവാദത്തില്‍ ഏറെ അസ്വസ്ഥനാണ് ഇദ്ദേഹമെന്ന് ശ്രീധരന് പിള്ളയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതോടൊപ്പംപല പ്രമുഖരെയും വെട്ടി ആര്‍എസ്എസ് പിന്തുണയോടെ പാര്‍ട്ടി അധ്യക്ഷനായ ശ്രീധരന് പിള്ളയ്ക്ക് തിരിച്ചടി നല്‍കുകയാണ് മറുവിഭാഗം. പാര്‍ട്ടിയുടെ അനുകൂലസാഹചര്യം സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇല്ലാതാക്കി എന്ന വികാരമാണ് അവര്‍ക്കുള്ളത്.