തിരുവനന്തപുരം: തൊഴിലിടങ്ങളിൽ നേരിടുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്കുന്ന സ്ത്രീകളെ അതിനുശേഷം മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു സതീദേവി.
സോഷ്യല്‍മീഡിയയിലുൾപ്പെടെ സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുമുണ്ട്. അത്തരത്തിലുള്ള പരാതികള്‍ എല്ലാ ജില്ലകളിലും കൂടുതലായി വരുന്നുണ്ട്. ഈ പരാതികളില്‍ പൊലീസിന്റെ സൈബര്‍ സെല്ലിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദ്ദേശിക്കാറുള്ളത്. അതിനാൽ തന്നെ സൈബര്‍ സെല്ലുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വാട്സ്ആപ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള പോസ്റ്റുകള്‍, മറ്റു തരത്തിലുള്ള വീഡിയോകള്‍ എന്നിവ സംബന്ധിച്ച് പരാതി കിട്ടിയാല്‍ വളരെ പെട്ടെന്നുതന്നെ നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാരെ തിരിച്ചറിയാനും സഹായിക്കുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം പൊലീസിന്റെ സൈബര്‍ സെല്ലിനെ സജ്ജമാക്കേണ്ടതുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.