തിരുവനന്തപുരം: പാലക്കാട്ട് കോൺഗ്രസുകാരായ വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം.
അതേസമയം റെയ്ഡ് നടന്ന മുറികളിലുണ്ടായിരുന്ന വനിതാ നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് രാത്രിയിൽ പോലീസിന്റെ റെയ്ഡ് നടന്നത്.
ഹോട്ടലില്‍ ഷാനിമോള്‍ ഉസ്മാന് തനിച്ചായിരുന്നപ്പോള്‍ ഐഡി കാര്‍ഡ് പോലും കാണിക്കാതെ വനിതാ പോലീസിനോടൊപ്പമല്ലാതെ പുരുഷ പോലീസ് മാത്രമായി പരിശോധനയ്ക്കെത്തി എന്നതായിരുന്നു പരാതി. കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്.
വനിതാ പോലീസില്ലാതെ പുരുഷ പോലീസ് മാത്രമായി പരിശോധനയ്ക്കെത്തി എന്നതായിരുന്നു പരാതി. പുരുഷ പോലീസ് വനിതാ നേതാക്കളുടെ ബാഗുകള്‍ പരിശോധിച്ചെന്നും ഷാനിമോളും ബിന്ദുവും ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളിലാണ് വനിതാ കമ്മീഷന് അധ്യക്ഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. സീരിയലുകള്‍ ചില തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി. സതീദേവി പറഞ്ഞു.