സ്വന്തം ലേഖകന്‍
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായിട്ടും പിഎസ്സി പരീക്ഷകൾ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷയാണ് അടുത്ത മാസം നടത്താന്‍ പിഎസ്സി തീരുമാനിച്ചത്.
അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം നിലനില്‍ക്കെ പരീക്ഷാർഥികള്‍ ആശങ്കയിലാണ്. ഈ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.
വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി, യുപി അധ്യാപക പരീക്ഷ അടുത്തമാസം നടത്താനിരിക്കെയാണ് പരീക്ഷാർഥികളുടെ ആശങ്കയേറിയത്. 14 ജില്ലകളിലായി യുപി എസ്ടി (യുപി സ്കൂള്‍ ടീച്ചര്‍) പരീക്ഷയ്ക്കായി 1,06,785 പേരാണ് അപേക്ഷിച്ചത്.
എല്‍പി എസ്ടി (എല്‍പി സ്കൂള്‍ ടീച്ചര്‍) പരീക്ഷയ്ക്കായി 35,455 പേരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. യുപി ടീച്ചര്‍ പരീക്ഷ നവംബര്‍ ഏഴിന് നടത്താനാണ് തീരുമാനം.
നവംബര്‍ 24നാണ് എല്‍പി എസ്ടി പരീക്ഷ. ഇതിന് പുറമേ അസി. പ്രഫസര്‍ പരീക്ഷയും ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 പരീക്ഷയും അടുത്തമാസം നടക്കും.
പരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ വിവിധ ജില്ലകളിലെ ഒഴിവുകള്‍ക്ക് അനുസരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജില്ല വിട്ടു പരീക്ഷ എഴുതാനായി പോകേണ്ട അവസ്ഥ ഏറെ ദുഷ്കരമാണ്.
പൊതുഗതാഗത സംവിധാനംവരെ കാര്യക്ഷമമായ രീതിയില്‍ സംസ്ഥാനത്ത് നടപ്പായിട്ടില്ല. സ്വകാര്യ വാഹനങ്ങളില്‍ പരീക്ഷ എഴുതാനായി പോവുകയെന്നതും സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് പരീക്ഷാർഥികള്‍ പറയുന്നത്.
വടക്കന്‍ ജില്ലയിലുള്ള പരീക്ഷാർഥിക്ക് പരീക്ഷാ കേന്ദ്രം തെക്കന്‍ ജില്ലകളിലാണെങ്കില്‍ തലേദിവസം തന്നെ പോവേണ്ട അവസ്ഥയാണുള്ളത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇപ്രകാരം മറ്റു ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് താമസസൗകര്യം പോലും ലഭിക്കില്ലെന്നാണ് പറയുന്നത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടാനും സമ്പര്‍ക്ക വ്യാപനത്തിനുള്ള സാധ്യതയും ഏറെയാണ്. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പരീക്ഷയ്ക്കെത്താനുള്ള സാധ്യതയുമുണ്ട്.
ഇവരെ കണ്ടെത്തി സുരക്ഷിതമായി പരീക്ഷ എഴുതിക്കാനുള്ള സംവിധാനമൊരുക്കുന്നതും നിലവിലെ സാഹചര്യത്തില്‍ സങ്കീര്‍ണമാണ്. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലും മാലിദ്വീപ് പോലുള്ള സ്ഥലങ്ങളിലും ജോലി ചെയ്യുന്ന അധ്യാപകരെയും നിലവിലെ പരീക്ഷാ തിയതി പ്രതികൂലമായി ബാധിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ പലയിടത്തു നിന്നുമുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതും പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിന് തടസമാകും. ഈ സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പ് മാറ്റിവയ്ക്കണമെന്നാണ് പൊതു ആവശ്യം.