കോഴിക്കോട്: പിഎസ് സി അംഗത്വ നിയമനതിന് സിപിഎം യുവനേതാവ് കോഴ വാങ്ങിയെന്ന ആരോപണം പുതിയ തലത്തിലേക്ക്. സംഭവത്തില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട സിപിഎം ടൗണ്‍ എരിയാകമ്മറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്പോലീസില് പരാതി നല്‍കും.
ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു പാര്‍ട്ടിക്കു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. പാര്‍ട്ടി ഒതുക്കി തീര്‍ത്ത പരാതി ഇനി പോലീസ് അന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുക പാര്‍ട്ടി നേതാക്കള്‍ തന്നെയാകുമെന്നാണ് വിവരം.
പ്രമോദിനെതിരേ നടപടി വൈകിപ്പിച്ചത് ഇതുകൂടിമുന്നില് മുന്നില്‍ കണ്ടാണ്. എന്നാല്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ജില്ലാകമ്മിറ്റി നടപടിയെടുക്കാന്‍ നിര്‍ബന്ധിതനായത്.
അതേസമയം കോഴ ആരോപണത്തില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നു പ്രമോദ് പറയുന്ന ു. വിഷയത്തില്‍ പാര്‍ട്ടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും മറ്റുള്ളവര്‍ക്കു വേണ്ടി താന്‍ രക്തസാക്ഷിയാവുകയാണെന്നുമാണ് പ്രമോദ് കോട്ടൂളി പറയുന്നത്. പാര്‍ട്ടിയില്‍ തന്നെ കുടുക്കിയയാളെ അണിയറയില്‍നിന്നു പുറത്തെത്തിക്കുമെന്നാണ് പ്രമോദ് അടുപ്പമുള്ളവരോടു സൂചിപ്പിച്ചത്.
താൻ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നു പരാതിക്കാരനായ കോവൂര്‍ സ്വദേശി ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. പിന്നെ എന്തിന്റെ പേരിലാണു നടപടിയെന്നു പാര്‍ട്ടി വ്യക്തമാക്കേണ്ടിവരും. പാര്‍ട്ടിയുടെ സത്പേരിനു കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പ്രമോദിനെ പുറത്താക്കികൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ സിപിഎം അറിയിച്ചത്.
മറ്റു കാര്യങ്ങളൊന്നും പുറത്തുപറയാന്‍ പാര്‍ട്ടി തയാറായിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ചൂണ്ടികാണിച്ചാണു നടപടിയെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തിയത്. കോഴ ആരോപണം പുറത്തുവരാതിരിക്കാന്‍ പരാതിക്കാരനു പണം തിരികേ നല്കി ഒതുക്കി തീര്‍ക്കുകയും ചെയ്തു.
പരാതിക്കാരന് ഒരിക്കലും മറ്റിടങ്ങളില്‍ പരാതി നല്‍കില്ലെന്ന് പാര്‍ട്ടി ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ പരാതിക്കാരന്റെ പേരടക്കം വെളിപ്പെടുത്തിയുള്ള പ്രമോദിന്റെ പുഴിക്കടകന് പാര്‍ട്ടിയെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രമോദ് പറയുന്നതാണ് ശരിയെങ്കില്‍ 22 ലക്ഷം കോഴ വാങ്ങിയത് ആര്? എന്തിന് ഇയാളെ പാര്‍ട്ടി സംരക്ഷിക്കുന്നു? തുടങ്ങിയ ചോദ്യമാണ് ഉയരുന്നത്.
അത്രത്തോളം സ്വാധീനമുള്ള ആളാണോ കോഴ വാങ്ങിയതെന്ന ചോദ്യവും ഉയരുന്നു. അതേസമയം പ്രമോദാണ് പണം വാങ്ങിയതെങ്കില്‍ എന്തിന് പോലീസ് അന്വേഷണത്തിലേക്കു പോകുന്നു എന്നതും ചോദ്യചിഹ്നമാണ്. അതേസമയം മന്ത്രി പി.എ. മുഹമ്മദ് റിയാസിനുള്പ്പെടെ സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നാശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ഇന്ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.