തിരുവനന്തപുരം: പിഎസ് സി ക്രമക്കേടിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ് സിയെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം സത്യമെന്ന്് തെളിഞ്ഞെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടിൽ പിഎസ് സി ചെയർമാന്റെ പങ്ക് അന്വേഷിക്കണം. പിഎസ് സി ചെയർമാനും സംശയത്തിന്റെ നിഴലിലാണെന്നും ചെന്നിത്തല വ്യക്തമാക്കി.
പിഎസ് സി ക്രമക്കേട് പുറത്തായപ്പോൾ പിഎസ് സിയെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിന് കളങ്കം സൃഷ്ടിച്ചു. സ്വന്തം അനുയായികളെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ പോലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. കേസ് തേച്ചുമായ്ച്ചു കളയാൻ മുഖ്യമന്ത്രി ശ്രമിച്ചു. സിബിഐ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല വ്യക്തമാക്കി.
കൂടുതൽ പേർ ക്രമക്കേടിലൂടെ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ടൊയെന്ന് കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതികൾ പിഎസ്സി പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി കഴിഞ്ഞ ദിവസം പിഎസ്സി വെളിപ്പെടുത്തിയിരുന്നു.