തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോള്‍ പിഎസ്സി ചെയര്‍മാന്റെ വിചിത്ര ആവശ്യം വിവാദമാകുന്നു. ഔദ്യോഗിക യോഗങ്ങളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് ചെയര്മാന് എം.കെ.സക്കീറിന്റെ ആവശ്യം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ ഭാര്യം ഒപ്പം യാത്ര ചെയ്യുന്ന വേളകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി ലഭ്യമാക്കുന്നതിന് ഉത്തരവ് പുറപ്പെടുപ്പിക്കണമെന്നാണ് ആവശ്യം.
എം. കെ സക്കീറിന്റെ കത്തില്‍ പറയുന്നതിങ്ങനെ…സംസ്ഥാന പിഎസ്സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ജീവിതപങ്കാളിക്കും ക്ഷണമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ പിഎസ്സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളില്‍ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സര്‍ക്കാരാണു വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഭാര്യയുടെ യാത്രാച്ചെലവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്.
ഏപ്രില്‍ 30നാണ് ഇക്കാര്യം തന്റെ ആവശ്യമായി കുറിച്ച ഫയല്‍ പിഎസ്സി സെക്രട്ടറിക്കു കൈമാറിയത്. സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു കൈമാറി. ഇനി ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്കു വിടും. തടസ്സങ്ങളില്ലെങ്കില്‍ എജിക്കും ഫയല്‍ കൈമാറും. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്മാന് അനുവദിക്കുന്നുണ്ട്. പിഎസ്സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടില്‍ നിന്നു തുക അനുവദിക്കുന്നത്.