ആലപ്പുഴ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള പരീക്ഷകൾ ഇംഗ്ലീഷിൽ മാത്രം നടത്താനുള്ള നീക്കത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പരിഷത്ത് ആരോപിക്കുന്നു.
അങ്ങേയറ്റം പ്രതിഷേധാർഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.ഐഎഎസ് ഉൾപടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിർവഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷിൽ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാവുന്നില്ല.
ഭരണ നിർവഹണവുമായി ബന്ധപ്പെട്ട തസ്തികകളിൽ ഇംഗ്ലീഷ് പരിജ്ഞാനം അളക്കേണ്ടതുണ്ടെങ്കിൽ അതിന് അത്തരം ചോദ്യങ്ങളുൾപ്പെട്ട ഒരു ഭാഗം പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ മതിയാകും. ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ സർക്കാർ ശ്രദ്ധ കാണിക്കുന്പോഴും കേരള പിഎസ്സിക്ക് അതു സ്വീകാര്യമല്ലെന്നത് ഖേദകരമാണ്.
ഭരണം സുതാര്യവും ജനങ്ങൾക്കു കൂടുതൽ പ്രയോജനപ്രദവുമാകുന്നതിന് ഭരണ നിർവഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സർക്കാർ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്കാരക്കമ്മീഷനുകളും ഒരേ സ്വരത്തിൽ മുന്നോട്ടുവച്ചിട്ടുള്ള നിർദേശമാണ്. ബിരുദതലംവരെ മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം കേരളത്തിലുണ്ട്.
ബിരുദം അടിസ്ഥാന യോഗ്യതയായ ഉദ്യോഗ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളിൽ ആ അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയ്ക്ക് എതിരും മനുഷ്യാവകാശ ലംഘനവുമാണ്. പൊതു വിദ്യാലയങ്ങളിൽ പോലും ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകൾ വർധിക്കുന്ന പ്രവണത നിലനിൽക്കുന്പോൾ അതിന് ആക്കം കൂട്ടാൻ മാത്രമേ പിഎസ്് സിയുടെ ഈ നിലപാട് സഹായിക്കൂ.
പിഎസ് സി നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലും കേരളത്തിലെ കന്നഡ, തമിഴ് എന്നീ ചെറു വിഭാഗങ്ങളുടെ ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.