സ്വന്തം ലേഖകൻ
തൃശൂർ: തലസ്ഥാനത്ത് പിഎസ്സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ശക്തിയാർജിക്കുന്നതിനിടെ പത്താംക്ലാസ് യോഗ്യത അടിസ്ഥാനമാക്കിയുള്ള പിഎസ്സിയുടെ ആദ്യ പ്രാഥമിക പരീക്ഷ (പ്രിലിംസ്) നാളെ നടക്കും.
തൃശൂർ ജില്ലയിൽ മുപ്പത്തിനാലായിരം പേരാണ് 148 സെന്ററുകളിലായി പരീക്ഷ എഴുതുക.നാലു ഘട്ടങ്ങളിലായാണ് പ്രാഥമിക പരീക്ഷ പൂർത്തിയാവുക.
നാളെ ഉച്ചയ്ക്കാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ല പിഎസ്സി ഓഫീസ് അധികൃതർ അറിയിച്ചു.
തലസ്ഥാനത്തെ സമരങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരീക്ഷ സെന്ററുകൾ പോലീസ് നിരീക്ഷണത്തിലായിരിക്കും.
ജില്ലയിലെ 148 പരീക്ഷ കേന്ദ്രങ്ങളുടേയും വിശദാശങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.