തൃശൂർ: കേരള പിഎസ്സി ഈ മാസം ഒന്‍പതിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. ഇതു സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ മാസം 16 വരെയുള്ള പിഎസ്സിയുടെ ഓണ്‍ലൈൻ അടക്കമുള്ള പരീക്ഷകൾ മാറ്റി വെച്ചതായി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ലക്ഷക്കണക്കിന് പേർ എഴുതുന്ന കന്പനി-കോർപറേഷൻ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫീസർ പരീക്ഷ മാറ്റിയോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു.
നിരവധിപേരാണ് ഇതെക്കുറിച്ച് അറിയാനും പരീക്ഷ മാറ്റിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുമായി പിഎസ്സി ഓഫീസിലേക്ക് വിളിക്കുന്നത്.സംസ്ഥാനത്ത് ആറുലക്ഷത്തിലധികം പേരാണ് ഒന്‍പതാം തിയതിയിലെ പരീക്ഷ എഴുതേണ്ടിയിരുന്നത്. തൃശൂർ ജില്ലയിൽ അന്പതിനായിരത്തിനടുത്താണ് പരീക്ഷാർത്ഥികളുണ്ടായിരുന്നത്.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മാറ്റിവെച്ച പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താനാണ് പിഎസ്സി ആലോചിക്കുന്നതെന്ന് സൂചനയുണ്ട്. സാധാരണയായി പിഎസ് സി പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താറില്ല. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.