കൊച്ചി: പിഎസ്സി പരീക്ഷാ നടത്തിപ്പിന്റെ നിലവിലെ സ്ഥിതി ആശങ്കാ ജനകമെന്ന് ഹൈക്കോടതി. സമീപകാലത്തെ എല്ലാ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണമെന്നും സ്വതന്ത്ര ഏജൻസിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സഫീർ പത്തുദിവസത്തിനകം കീഴടങ്ങാനും നിർദേശം നൽകി.
പിഎസ്സി സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര ഏജന്‍സിയാണ്. തട്ടിപ്പിലൂടെ അനർഹർ ജോലിയിൽ കയറുന്നത് തടയണം. നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേടിൽ വിപുലമായ അന്വേഷണം ആവശ്യമാണ്, എങ്കിലേ ജനവിശ്വാസം വീണ്ടെടുക്കാൻ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.