തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ തീയതികൾ തീരുമാനിച്ചു. മേയ് 26ന് നടത്താൻ നിശ്ചയിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർ (പോലീസ് കോണ്‍സ്റ്റബിൾ), പോലീസ് വകുപ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ (വനിതാ പോലീസ് കോണ്‍സ്റ്റബിൾ) തസ്തിയിലേക്കുള്ള ഒഎംആർ പരീക്ഷ ജൂലൈ 22ന് നടത്തും.
കഴിഞ്ഞ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന ജൂണിയർ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കന്പനിയിലെ ജൂണിയർ അസിസ്റ്റന്റ് (പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയനമം), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് അഞ്ചിനും നടത്തുന്നതിന് പിഎസ്സി യോഗം തീരുമാനിച്ചു. രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (ജൂണിയർ) പരീക്ഷ ഈ മാസം 27നും ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ), അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ) പരീക്ഷ ഈ മാസം 28നും, വ്യാവസായിക പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്) പരീക്ഷ ഈ മാസം 29നും രാവിലെ 7.30 മുതൽ 9.15 വരെ നടത്തും.