തിരുവനന്തപുരം: പിഎസ്എസി പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്സി ചെയർമാൻ എം.കെ.സക്കീറുമായി നടത്തിയ ചർച്ചയിലാണ് ഇതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധാരണയായത്.
ഇതിനായുള്ള പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നു എല്ലാ സർവകലാശാലാ വൈസ്ചാൻസലർമാരുടെയും യോഗം വിളിക്കുമെന്നും ചർച്ചയ്ക്കു സേഷം പുറത്തെത്തിയ പിഎസ്സി ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പിഎസ്സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊൻപത് ദിവസം പിന്നിടുമ്പോഴാണ് ഈ തീരുമാനം വരുന്നത്. കഴിഞ്ഞ മാസം 29 നാണ് പിഎസ്സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്സിയുമായി ചർച്ച നടത്തിയത്.