തിരുവനന്തപുരം: പൂജപ്പുരയിലെ പിഎസ്സി പരീക്ഷാ കേന്ദ്രത്തിലെ ആൾമാറാട്ടത്തിനു പിന്നിലെ മുഖ്യ ആസൂത്രകൻ നേമം സ്വദേശിയായ അമൽജിത്താണെന്ന് പൂജപ്പുര പോലീസ് വ്യക്തമാക്കി. ഇയാൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥി ഇറങ്ങിയോടിയത്. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് മെയിൻ പരീക്ഷ കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്.
ബയോമെട്രിക് സംവിധാനത്തിലൂടെ ഹാൾടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗാർഥി പരീക്ഷാ കേന്ദ്രത്തിലെ മതിൽ ചാടികടന്ന് രക്ഷപ്പെട്ടത്. അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റോഡിൽ ബൈക്കിൽ കാത്ത് നിന്നത് അമൽജിത്തായിരുന്നുവെന്നും ഇയാളുടെ വാഹനത്തിലാണ് പരീക്ഷ എഴുതാനെത്തിയ യുവാവ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.