ജോണ്സണ് വേങ്ങത്തടം
കൊച്ചി: സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പു ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു.
മുന്നണികളുടെയോ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള യുവാക്കളാണ് സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധിക്കുന്നത്.
പിഎസ്സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പാര്‍ട്ടികള്‍ ആളുകളെ തിരുകി കയറ്റുകയാണ്. സര്‍ക്കാര്‍ മാറിയാലും പ്രശ്നമില്ലാത്ത നിലയില്‍ സ്ഥിരപ്പെടുത്തിയാണ് നിയമനം. പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സ്ഥിതിയും കേരളത്തില്‍ തുടരുകയാണ്.
കില, മത്സ്യഫെഡ്, സിഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
മത്സ്യഫെഡില്‍ കരാറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഡി സര്‍ക്കാരിനു ഫയല്‍ നല്കി. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ ഇടം പിടിച്ചാല്‍ ജീവിതാവസാനം വരെ പെന്ഷന് ലഭിക്കും.
കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. ഇതിലുമുണ്ട് ചെപ്പടിവിദ്യ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി ആദ്യം നിയമിക്കുന്നവരെ രണ്ടു വര്‍ഷം പിന്നിടുന്പോള്‍ പിരിച്ചുവിടും. ഇതോടെ ഇക്കൂട്ടര്‍ക്ക് പെന്ഷന് ഉറപ്പായി. അടുത്ത സംഘത്തെ വീണ്ടും നിയമിക്കും.
സര്‍ക്കാരിന്റെ കാലാവധി കഴിയുന്പോള്‍ അവര്‍ക്കും ലഭിക്കും പെന്ഷന്. കുറഞ്ഞത് 1,100 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പെന്ഷന് ലഭിക്കും.
സാക്ഷരമിഷനിലും
സാക്ഷരതാ മിഷനില്‍ കരാര്‍ നിയമനം നേടിയവരെ ഉയര്‍ന്ന സ്കെയിലില്‍ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്.
സാക്ഷരതാ മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളുടെ സാന്പത്തികവും ഭരണപരവുമായ പൂര്‍ണ ചുമതല ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്.
ഇതിന് പുറമേയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതലയ്ക്കായി ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരെയും അസിസ്റ്റന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചത്.
സാക്ഷരതാ മിഷനില്‍ സ്ഥിരപ്പെടുത്താന്‍ പരിഗണിക്കുന്നവര്‍ ജോലിചെയ്യുന്ന ജില്ലാ കോഓര്‍ഡിനേറ്റര്‍, അസി. കോഓര്‍ഡിനേറ്റര്‍ തസ്തികകളെ കരാര്‍ തസ്തികകളായി അംഗീകരിച്ചത് 2013ല്‍.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് 42,300 രൂപയും അസി. കോഓര്‍ഡിനേറ്റര്‍ക്ക് 34,600 രൂപയുമാണ് നിലവിലെ ശന്പളം. 2006ലാണ് ഈ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കിയത്.
പഞ്ചായത്തുതലത്തില്‍ പ്രേരക്മാര്‍ക്കും ബ്ലോക്ക്തലത്തില്‍ നോഡല്‍ പ്രേരക്മാര്ക്കുമാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ചുമതല. പ്രേരകിന് 12,000, നോഡല്‍ പ്രേരകിന് 15,000 എന്നിങ്ങനെയൊണ് വേതനം.
ജില്ലാതലത്തില്‍ ചുമതല നിര്‍വഹിക്കുന്നവര്‍ക്കും ഈ അനുപാതത്തിനുപകരം ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യതയനുസരിച്ചുള്ള ശന്പളമാണ് അനുവദിച്ചത്.
ആളിക്കത്തുന്ന പ്രതിഷേധം
ബന്ധുനിയമനത്തിനൊപ്പം പിഎസ്സി റാങ്ക്പട്ടികയില്നിന്നുള്ളവര്ക്ക് നിയമനംകിട്ടാത്ത സ്ഥിതികൂടിവന്നതോടെ സര്‍ക്കാരിനെതിരേ യുവജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബാനറിലല്ലാതെ റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിനിറങ്ങുന്നത് ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
പിഎസ്സി. നിയമനത്തിന്റെ കണക്കുനിരത്തി ഇതിനെ മറികടക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തുവന്നെങ്കിലും നിയമനം മുടക്കിയതിന്റെ കണക്കുമായാണ് യുവാക്കള്‍ എത്തുന്നത്. കേരള ബാങ്ക് രൂപവത്കരിക്കുന്നതിന്റെ പേരില്‍ 7000 പേരുടെ റാങ്ക് പട്ടികയാണ് മരവിപ്പിച്ചത്.
ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. അവിടെയാണ് നിയമനച്ചട്ടംപോലും അംഗീകരിക്കുന്നതിന് മുന്‍പ് 1800 പേരെ പിഎസ്സി വഴിയല്ലാതെ നിയമിക്കുന്നത്.
700 ഒഴിവുകളുള്ള കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത് 150 എണ്ണം മാത്രം. ഇങ്ങനെ നീളുന്നു ഉദ്യോഗാര്‍ഥികളുടെ കണക്ക്.