കോഴിക്കോട്: പിഎസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ യുവനേതാവ് പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ഇന്ന് ചേരും. നടപടി വിശദീകരിക്കുന്നതിനായി ഉച്ചയ്ക്കുശേഷം ടൗൺ ഏരിയ കമ്മിറ്റിയും ചേരും. ആരോപണവിധേയനായ പ്രമോദ് കോട്ടൂളി കഴിഞ്ഞ ദിവസം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു.
പിഎസ്സി അംഗത്വം ശരിയാക്കിതരാമെന്ന് പറഞ്ഞ് കോഴവാങ്ങിയെന്ന ഡോക്ടര്‍ ദമ്പതികളുടെ ആരോപണം പാര്‍ട്ടി ഇടപെട്ട് ഒതുക്കിത്തീര്‍ത്ത സാഹചര്യത്തില്‍ പ്രമോദിനെതിരേ കടുത്ത നടപടി ഉണ്ടാകാനിടയില്ലെന്നാണു സൂചന. ‘റിയല്‍ എസ്റ്റേറ്റ്’ ബന്ധങ്ങളുടെ പേരില്‍ നടന്ന പണമിടപാട് എന്നാക്കിമാറ്റാണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമോദിനെതിരേ കടുത്ത നടപടി എടുത്താല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു നേതൃത്വം കരുതുന്നു.
കോഴയായി വാങ്ങിയ 22 ലക്ഷം തിരികെക്കൊടുത്ത് പരാതി ഇനി പൊതുസമൂഹത്തിലെത്തില്ലെന്ന് പാര്‍ട്ടി ഉറപ്പാക്കികഴിഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നും തീയുണ്ടാക്കിയവര്തന്നെ പുകയെപ്പറ്റി പറയണമെന്നും പ്രമോദ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനെതിരേയുള്ള മുന്നറിയിപ്പായാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.
നടപടിയെടുത്താൽ പ്രമോദ് കൂടുതൽ ഗുരുതരമായ എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്. അതേസമയം പ്രാദേശിക നേതൃത്വത്തില്‍ പ്രമോദിനെതിരേ നടപടി എടുക്കണമെന്ന അഭിപ്രായമുള്ളവരാണ് കൂടുതല്‍. പ്രമോദിന്റെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി പിഎസ് സി അംഗത്വം ശരിയാക്കിതരാമെന്ന് പറഞ്ഞ് പ്രമോദ് കോട്ടൂളി യുവഡോക്ടര്‍ ദമ്പതികളില്‍നിന്ന് 22 ലക്ഷം വാങ്ങിയെന്ന ആരോപണമാണ് സിപിഎമ്മിനെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുക എന്ന സമീപനമാണ് ജില്ലാ നേതൃത്വം സ്വീകരിച്ചത്.