ആലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവിധ വകുപ്പുകളിൽ നടത്തുന്ന അന്തർജില്ലാ സ്ഥലം മാറ്റങ്ങളും, ആശ്രിത നിയമനങ്ങളും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കുന്നതായി ആക്ഷേപം.
ഒരു വർഷം വകുപ്പുകളിൽ നടക്കുന്ന ആ കെ നിയമനത്തിന്റെ പത്തു ശതമാനം മാത്രമേ അന്തർജില്ലാ സ്ഥലം മാറ്റങ്ങൾ, ആശ്രിത നിയമനം മുതലായവക്കായി മാറ്റി വയ്ക്കാവു എന്ന ചട്ടം മറികടന്ന് ഇത്തരത്തിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർത്ഥികളെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
ആശ്രിത നിയമനങ്ങൾക്കായി പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് ,എൽ.ഡി.ക്ലാർക്ക് തസ്തികകൾക്ക് ജില്ലാ തലത്തിൽ ക്വാട്ട നിശ്ചയിച്ച് മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഇതിനെതിരേ ഉദ്യോഗാർത്ഥികൾ നിയമ നടപടികളുമായി നീങ്ങിയതോടെ ഈ നീക്കം താല്കാലികമായി തടസപ്പെട്ടിരിന്നു.
ഇതിനിടയിലാണ് ജില്ലയിലെ വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകളിൽ അന്തർജില്ലാ സ്ഥലം മാറ്റത്തിനുള്ള പിൻവാതിൽ നീക്കം നടക്കുന്നത്. ജില്ലാ തലത്തിൽ കൂടുതൽ നിയമനങ്ങൾ നടക്കുന്ന വിവിധ വകുപ്പുകളിലായി അഞ്ചിലേറെ ലാസ്റ്റ് ഗ്രേഡ് തസ്തികളിലാണ് ഈ മാസം ആലപ്പുഴയിൽ അന്തർജില്ലാ സ്ഥലം മാറ്റം നടത്താൻ നീക്കം നടക്കുന്നത്.
ഇതിൽ ഭൂരിഭാഗം നിയമനങ്ങളും മാനദണ്ഡങ്ങൾ ലംഘിച്ചാണെങ്കിലും വകുപ്പുകളിലെ പ്രബല സർവ്വീസ് സംഘടനകളുടെ പിൻബലമുള്ളതിനാലാണ് നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ട് നീങ്ങുന്നതെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൾകിയ ഉത്തരത്തിൽ ആലപ്പുഴ ജില്ലയിൽ മാത്രംഒഴിവുകളൊന്നും ഇല്ലെന്നായിരുന്നു പറഞ്ഞിരിന്നത്.
മുഖ്യമന്ത്രി നിയമസഭയിൽ കഴിഞ്ഞ രണ്ടിന് പ്രസ്തുത ചോദ്യത്തിന് ഉത്തരം ന ൾ കുമ്പോഴും ആലപ്പുഴ ജില്ലയിലെ വിവിധ വകുപ്പുകളിൽ ഒഴിവുകൾ ഉണ്ടായിരുന്നെങ്കിലും ബന്ധപ്പെട്ടവർ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
വകുപ്പ് തല വിജിലൻസുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കാത്തതും ഒഴിവുകൾ പൂഴ്ത്തി വയ്ക്കുന്നതിനിടയാക്കുന്നുണ്ട്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള നിയമന നീക്കങ്ങൾക്കെതിരേ നിയമ നടപടികൾക്കും ഒപ്പം പ്രത്യക്ഷ സമര പരിപാടികൾക്കും ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.