തിരുവനന്തപുരം: സർവകലാശാല ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പിഎസ്സി പരീക്ഷകൾക്കും അടുത്ത ചിങ്ങം ഒന്നു മുതൽ മലയാളം ചോദ്യം ഉൾപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്സി ചെയർമാൻ എം.കെ. സക്കീറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. 100 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കിന്റെ മലയാള ചോദ്യങ്ങൾ ഉണ്ടാകും.
ചില പരീക്ഷകൾ പൂർണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം പിഎസ്സി ചെയർമാൻ അംഗീകരിച്ചു. സ്പോർട്സ് ക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കാനും നടപടിയെടുക്കും. സർക്കാരിനുവേണ്ടി സ്പോർട്സ് കൗണ്‍സിലാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ യോഗ്യത വിലയിരുത്തുന്നത്. അത് മാറ്റി യോഗ്യത വിലയിരുത്താനുളള ചുമതല പിഎസ്സി യെ ഏൽപ്പിക്കുന്ന കാര്യത്തിലും ധാരണയായി. ഇതു സംബന്ധിച്ച നിയമ നടപടികൾ സർക്കാർ ഉടനെ പൂർത്തീയാക്കും.
പട്ടികജാതി-പട്ടികവർഗ സംവരണ ക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പി.എസ്.സി. അംഗീകരിച്ചു. ചർച്ചയിൽ പിഎസ്സി ഉദ്യോഗസ്ഥർക്കു പുറമെ ഔദ്യോഗിക ഭാഷ വകുപ്പു സെക്രട്ടറി കെ.ആർ. ജ്യോതിലാലും പങ്കെടുത്തു.