ഇടുക്കി: ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് ഉദ്യോഗാര്‍ഥികള്‍ ജാഗ്രത കാട്ടുകയും തെറ്റില്ലാതെ വണ്‍ടൈം രജിസ്ട്രേഷന് നടത്തുകയും ചെയ്തില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമെന്നും പിന്നീടത് പരിഹരിക്കാന്‍ സാധിക്കില്ലെന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗം പ്രാഫ. ലോപ്പസ് മാത്യു പറഞ്ഞു. പിഎസ്സിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയകേന്ദ്രം ജീവനക്കാര്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷനില്‍ നല്കിയ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈനില്‍ വണ്‍ടൈം രജിസ്ട്രേഷന് സമയത്ത് വരുത്തുന്ന തെറ്റുകള്‍ മൂലം ഉയര്‍ന്ന റാങ്ക് കിട്ടിയിട്ടും ജോലി ലഭിക്കാതെ പോകുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തി പൂര്‍ണമായ രജിസ്ട്രേഷന് നടത്താന്‍ അക്ഷയ ജീവനക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ചട്ടപ്രകാരം പിഎസ്സി ഒരു വിജ്ഞാപനം പുറത്തിറക്കിയാല്‍ പിന്നീട് അതില്‍ ഒരു കാര്യത്തിലും മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ക്രമമായും ചിട്ടയായും സമയബന്ധിതമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.അക്ഷര സാക്ഷരതയിലും കമ്പ്യൂട്ടര്‍ സാക്ഷരതയിലും കേരളം മുന്നിലാണെങ്കിലും ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്, വെരിഫിക്കേഷന് നടപടികളില്‍ പ്രായോഗിക തലത്തിലെ പൂര്‍ണത കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിലെ ആദ്യ നടപടിയാണ് വണ്‍ടൈം രജിസ്ട്രേഷന് എന്നും അപാകത മൂലം ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ അക്ഷയ ജീവനക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്നും പിഎസ്സി ജോയിന്റ് സെക്രട്ടറി തങ്കമണി അമ്മ പറഞ്ഞു.ജില്ലാകളക്ടര്‍ ജി.ആര്. ഗോകുല്‍, അണ്ടര്‍ സെക്രട്ടറി ഹാഷില് എം, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ നിവേദ് എന്നിവര്‍ പ്രസംഗിച്ചു.