കൊയിലാണ്ടി: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ ഒപ് ടോമെട്രിസ്റ്റ് ഗ്രേഡ് – രണ്ട് പരീക്ഷയ്ക്കെതിരെ ഉദ്യോഗാർഥികളിൽ നിന്ന് വ്യാപകമായ പരാതി ഉയരുന്നു. പതിനെട്ട് ഒഴിവുകളിലേക്കാണ് നൂറ് കണക്കിന് അപേക്ഷകർ ഓൺലൈൻ ആയി കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയത്.
ഒബ്ജക്ടീവ് ടൈപ്പിൽ ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. പലരും യാത്രാക്ലേശം ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാണ് പരീക്ഷ കേന്ദ്രത്തിലെത്തിയത്. എന്നാൽ പരീക്ഷാർത്ഥികളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്ന രീതിയിൽ തികച്ചും നിരാശാജനകമായിരുന്നു ചോദ്യപേപ്പർ എന്നാണ് ആക്ഷേപം.
80 ശതമാനം ചോദ്യങ്ങളും പാഠ്യവിഷയങ്ങളിൽ നിന്ന് പുറത്തുള്ളവയാണെന്നും ഇവ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും പി.ജി. ലെവൽ വിദ്യാർത്ഥികൾക്കുമുള്ള (എംഎസ്, ഡിഎൻബി) പരീക്ഷകളിൽ ചോദിക്കേണ്ടവയാണെന്നുമാണ് പരീക്ഷാർത്ഥികൾ ഉന്നയിക്കുന്ന ആക്ഷേപം. ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് 2008 ൽ പിഎസ്സി നടത്തിയ പരീക്ഷയ്ക്കുശേഷം പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ പലരും പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്.
പ്രാഥമികമായ നേത്രപരിശോധന, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, ഐസ്ക്രീനിംഗ് ക്യാമ്പുകളുടെ സംഘാടനം, ബോധവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സാധാരണയായി ഒപ്റ്റോമെട്രിസ്റ്റ് പരീക്ഷകളിൽ ഉണ്ടാവാറുള്ളത് എന്നിരിക്കെ പരീക്ഷാർത്ഥികളെ നിസ്സഹായാരാക്കുന്ന നിരുത്തരവാദപരമായ നടപടിക്കെതിരെ ബന്ധപ്പെട്ട സംഘടന മുഖേന അധികൃതർക്ക് പരാതി നൽകാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.