മൂവാറ്റുപുഴ: സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്സി മനപൂർവം വൈകിപ്പിക്കുന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. 2017 സെപ്റ്റംബർ 11 മുതൽ വന്നുതുടങ്ങിയ അസിസ്റ്റന്റ് സെയിൽസ്മാന്റെ ഷോർട്ട് ലിസ്റ്റുകളിൽ മൂന്നു ജില്ലകളിലെ റാങ്ക് ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
2017 നവംബർ 22നു വയനാട്, 28ന് ആലപ്പുഴ, ഡിസംബർ 13നു പത്തനംതിട്ട എന്നങ്ങനെയാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്. ഈ ജില്ലകളിലെല്ലാം ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മറ്റു പതിനൊന്നു ജില്ലകളുടെ റാങ്ക് ലിസ്റ്റുകൾ പിഎസ്സി ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.
ഷോർട്ട് ലിസ്റ്റ് വന്നശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട സമയത്തിന്റെ നാലു മടങ്ങ് സമയ പരിധി കഴിഞ്ഞിട്ടും അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്സി തയാറാകാത്തത് ഉദ്യോഗാർഥികളെ ആശങ്കയിലായിരിക്കുകയാണ്.
2016 നവംബറിൽ നോട്ടിഫിക്കേഷൻ വന്ന എൽഡി സി ഷോർട്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടും 2015 ഓഗസ്റ്റിൽ വിളിച്ച അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പിഎസ്സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് അനധികൃത നിയമനങ്ങൾ നടത്താണോയെന്നും ഉദ്യോഗാർഥികൾക്കിടയിൽ സംശയത്തിനിടയാക്കിയിട്ടുണ്ട്.