തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒക്ടോബർ 23 മുതൽ സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തുന്നതിനു പിഎസ്സി തീരുമാനിച്ചു.
സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണത്തിനായി സർക്കാർ ഉത്തരവിറങ്ങിയ ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കാനാണു തീരുമാനം.
ഇതുപ്രകാരം ഒക്ടോബർ 23നോ അതിനുശേഷമോ കാലാവധി അവസാനിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസരം ഈ മാസം 14 വരെ ലഭിക്കും.
ഇഡബ്ള്യുഎസ് (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) ആനുകൂല്യം ഉദ്യോഗാർഥികൾക്കു ലഭിക്കുന്നതിനായി ഓണ്‍ലൈൻ അപേക്ഷയിലും പ്രൊഫൈലിലും ആവശ്യമായ ഭേദഗതികൾ വരുത്തും.
അപേക്ഷ സമർപ്പിക്കാൻ നാളെ അവസാന തീയതി ആയിട്ടുള്ള വിജ്ഞാപനങ്ങളിൽ അർഹരായവർക്കും സംവരണാനുകൂല്യം അവകാശപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കാം.
അതേസമയം ഇഡബ്ള്യുഎസ് സംവരണം അനുവദനീയമല്ലാത്ത വകുപ്പുതല ക്വാട്ട തസ്തികയുടെ വിജ്ഞാപനങ്ങൾക്ക് തീയതി ദീർഘിപ്പിക്കൽ ബാധകമല്ല.
സർക്കാർ ഉത്തരവിറക്കിയ ദിവസം മുതൽ ഉദ്യോഗാർഥികൾക്ക് ആനുകൂല്യം ലഭ്യമാക്കാനാണ് അപേക്ഷിക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകുന്നതെന്നു പിഎസ്സി അംഗം പ്രഫ.ലോപ്പസ് മാത്യു പറഞ്ഞു.
ഇതു പ്രകാരം ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ള 150ഓളം വിജ്ഞാപനങ്ങളിൽ ഉദ്യോഗാർഥികൾക്ക് സംവരണ ആനുകൂല്യ പ്രകാരം അപേക്ഷ സമർപ്പിക്കാനാകും.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗങ്ങൾക്കു സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം നൽകുന്നതിനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്.
കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടമാണ് ഇതിനായി ഭേദഗതി ചെയ്തത്.സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള നിയമനങ്ങൾക്കു സാന്പത്തിക സംവരണം ബാധകമായിരിക്കും.
പൊതുവിഭാഗത്തിനു അനുവദിച്ച 50 ശതമാനത്തിൽ നിന്നാണ് സാന്പത്തികമായി പന്നാക്കാവസ്ഥയിലുള്ളവർക്കായി 10 ശതമാനം മാറ്റുന്നത്.
100 വരെയുള്ള നിയമന ക്രമത്തിൽ ഒന്‍പത്, 19, 29, 39, 49, 59, 69, 79, 89, 99 എന്നീ ക്രമത്തിൽ വരുന്ന നിയമനങ്ങളാണ് സാന്പത്തിക സംവരണത്തിനായി മാറ്റുകയെന്നാണ് വിവരം.
പിഎസ്സി നിയമനങ്ങളില്‍ സംവരണത്തിനു കേന്ദ്ര സർക്കാർ നിയമം പാസാക്കിയ 2019 ജനുവരി 12 മുതൽ മുന്‍കാലപ്രാബല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാർ ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ് മാർ തോമസ് തറയിലും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കിയിരുന്നു.
സംവരണം ആർക്ക്
കുടുംബവാർഷിക വരുമാനം നാലു ലക്ഷം രൂപ വരെയുള്ള മുന്നാക്കക്കാർക്കാണ് സംവരണത്തിന് അർഹതയുള്ളത്. ഗ്രാമപഞ്ചായത്തിൽ രണ്ടര ഏക്കറിൽ കൂടുതലോ മുനിസിപ്പാലിറ്റിയിൽ 75 സെന്റിൽ കൂടുതലോ കോർപറേഷൻ പരിധിയിൽ 50 സെന്റിൽ കൂടുതലോ വസ്തു സ്വന്തമായുള്ള കുടുംബങ്ങൾ സാന്പത്തിക സംവരണത്തിന് അർഹരല്ല.