കോട്ടയം: നാലു വർഷം മുൻപ് സബ് ഇൻസ്പെക്ടർ പരീക്ഷ എഴുതിയവരുടെ റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ പിഎസ്്സി ഒളിച്ചുകളിക്കുന്നു. പോലീസ്, എക്സൈസ് വകുപ്പുകളിലേക്ക് ഓരോ വർഷവും പരീക്ഷ നടത്തി ചുറുചുറുക്കുള്ള യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന സർക്കാർ തീരുമാനം നിലനിൽക്കെയാണ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള നിയമനം ഇഴയുന്നത്.
2015 മാർച്ചിലാണ് സബ് ഇൻസ്പെക്ടർ തസ്തികയിൽ പിഎസ്്സി അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബറിൽ എഴുത്തു പരീക്ഷയും 2016 മാർച്ചിൽ ഫിസിക്കൽ പരിശോധനയും നടത്തി. പിന്നീട് രണ്ടര വർഷം പിഎസ്്സി അനങ്ങിയില്ല. 2018 ഒക്ടോബറിൽ അഞ്ഞൂറിൽ അധികം പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഇന്റർവ്യു നടത്തി. പിന്നീട് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.
ഇതിനിടെ 2014ലെ ലിസറ്റിൽ നിന്ന് 190 പേർക്ക് നിയമനം നല്കി. ഈ പട്ടികയിൽ ബാക്കിയുള്ളവരെക്കൂടി നിയമിക്കുന്നതിനു വേണ്ടി സ്വാധീനം ചെലുത്തുന്നതാണ് നാലു വർഷത്തിനു ശേഷവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനു പിന്നിലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
ഇനിയിപ്പോൾ നിയമനം ലഭിച്ചാൽ തന്നെ പ്രായക്കൂടുതൽ കാരണം കഠിനമായ പരിശീലനം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. ഓരോ ഫയലും ഓരോരോ ജീവിതമാണെന്നു പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിനു കീഴിലാണ് നാലുവർഷമായി സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള നിയമനം ഇഴയുന്നത്. സർക്കാരും ഇക്കാര്യത്തിൽ അനുങ്ങുന്നില്ല.