തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ തട്ടിപ്പ് നടത്താൻ മുൻ എസ്എഫ്ഐ നേതാക്കൾക്ക് സഹായം ചെയ്തു നൽകിയതായി സിവിൽ പോലീസ് ഓഫീസർ ഗോകുൽ. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നീ മൂന്ന് പേര്‍ക്കും ഉത്തരങ്ങള്‍ എസ്എംഎസായി അയച്ച് നല്‍കിയെന്നാണ് ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.
തന്റെ അടുത്ത ബന്ധു കോച്ചിംഗ് സെന്ററിലെ ജീവനക്കാരനാണ്. ഈ പരിചയം വഴി സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പട്ടികയിലെ രണ്ടാം റാങ്കുകാരനും മുന്‍ എസ്എഫ്ഐ നേതാവുമായ പി.പി. പ്രണവാണ് മൂഖ്യ ആസൂത്രകനെന്നും ഗോകുൽ പോലീസിനോട് വെളിപ്പെടുത്തി.
ഗോകുലിനെ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അതേസമയം ചോദ്യങ്ങള്‍ എങ്ങിനെ ചോര്‍ന്ന് കിട്ടിയെന്നത് സംബന്ധിച്ച് ഗോകുല്‍ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്.