ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: പ്രതിവർഷം 19 ലക്ഷം കെട്ടിടവാടക നല്കി പിഎസ്സി ജില്ലാ ഓഫീസ് മുടിയുന്നു. ഇതിനിടെ പുതിയതായി തുടങ്ങിയ ഒാൺലൈൻ പരിശീലന കേന്ദ്രത്തിനും കൊടുക്കണം ലക്ഷങ്ങൾ (എട്ടരലക്ഷം).
എന്നിട്ടും അവശ്യ സൗകര്യങ്ങൾ ഒരുക്കാനാകാതെ പിഎസ്സി ഒാഫീസ് ഞെരുങ്ങുകയാണ്. ഇതൊക്കെയറിഞ്ഞിട്ടും സ്വന്തം കെട്ടിടമെന്ന ആവശ്യം തരിന്പും ഗൗനിക്കാതെ സർക്കാർ മുഖംതിരിക്കുന്നു.
രാമനിലയത്തിനു മുന്പിലുള്ള പട്ടികജാതി, പട്ടികവർഗ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്കാണ് പിഎസ്സി ഒാഫീസ് പ്രവർത്തിക്കുന്നത്.
5734 സ്ക്വയർ ഫീറ്റിനു പ്രതിമാസം 1,56,974 രൂപയാണ് വാടക. മുന്പ് എംജി റോഡിലായിരുന്ന ഒാഫീസ് എട്ടുവർഷമായി ഇവിടെയാണ് പ്രവർത്തിക്കുന്നത്.
ഇൗ കെട്ടിടത്തിലാണ് 1565 സ്ക്വയർഫീറ്റുകൂടി വാടകയ്ക്കെടുത്ത് ഒാൺലൈൻ പരീക്ഷാകേന്ദ്രം ആരംഭിച്ചത്. ഇൗ സ്ഥലത്തിനു പ്രതിമാസ വാടകം 69,620 രൂപ. സ്ഥല പരിമിതിമൂലം 80 പേർക്കുമാത്രമാണു ഇവിടെ ഒരേ സമയം പരീക്ഷയ്ക്കിരിക്കാനാകുക.
ഇതുമൂലം ഘട്ടംഘട്ടമായോ അടുത്ത ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്കോ ഉദ്യോഗാർഥികളെ പരീക്ഷയ്ക്കു വിടേണ്ട അവസ്ഥയാണ്. ഇതു പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികൾക്കു കൂടുതൽ ചെലവിനുമിടയാക്കും.
തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉദേ്യാഗാർഥികൾ പരീക്ഷയ്ക്കിരിക്കുന്നതു തൃശൂരിലാണ്.തൃശൂരിൽ സ്വന്തം കെട്ടിടമെന്ന ആവശ്യം വർഷങ്ങൾക്കുമുന്പേ ജില്ലാ കളക്ടറോട് ഉന്നയിച്ചപ്പോൾ അവഗണനയാണുണ്ടായതെന്നു പിഎസ്സി അംഗം അനിൽ പറഞ്ഞു.
നിലവിലെ വാടകക്കെട്ടിടത്തിനു സമീപം സ്ഥലം ചൂണ്ടിക്കാണിച്ചപ്പോൾ കണ്ണായ സ്ഥലം വിട്ടുനല്കാനാകില്ലെന്നാണ് അന്നു പറഞ്ഞത്. രാമവർമപുരത്തോ ലാലൂരിലോ വേണമെങ്കിൽ സ്ഥലം അനുവദിക്കാമെന്നും അറിയിച്ചു.
എന്നാൽ, ജോലിയില്ലാതെ വലയുന്ന ഉദേ്യാഗാർഥികൾക്കു തൃശൂരിൽ ബസിറങ്ങിയാൽ നടന്നെത്താൻ സൗകര്യപ്പെടുന്ന സ്ഥലത്തുതന്നെ കെട്ടിടം വേണമെന്നാണ് പിഎസ്സിയുടെ ആവശ്യം.
അടുത്തിടെ ഒാൺലൈൻ പരീക്ഷാകേന്ദ്രം തുടങ്ങിയ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 200 പേർക്കെങ്കിലും ഒരേസമയം പരീക്ഷയ്ക്കിരിക്കാനുള്ള സൗകര്യമുണ്ട്.
തൃശൂരിൽ സ്ഥലസൗകര്യം കുറവായതിനാലാണ് എൺപതുപേരിൽ ഒതുക്കേണ്ടിവന്നത്. സംസ്ഥാനത്തെ ആറാമത്തെ ഒാൺലൈൻ പരിശീലനകേന്ദ്രമാണു തൃശൂരിൽ കഴിഞ്ഞദിവസം തുറന്നത്.
കൂടുതൽ ആളുകളെ പരീക്ഷയ്ക്കിരുത്താനുള്ള സൗകര്യം ഒരുക്കിയാൽ നിയമന നടപടികൾ കുറച്ചുകൂടി വേഗത്തിലാക്കാൻ സാധിക്കും. അതിനു സ്വന്തമായ കെട്ടിടം അത്യാവശ്യമാണ്.
സംസ്ഥാനത്തിന്റെ തെക്കുവടക്കുള്ളവർക്ക് എത്തിപ്പെടാൻ സൗകര്യപ്പെടുന്ന സ്ഥലം എന്ന നിലയിൽ തൃശൂരിൽ കൂടുതൽ പേർക്കു പരീക്ഷയ്ക്കിരിക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യവുമാണ്.
നിലവിൽ പിഎസ്സി ഒാഫീസ് പ്രവർത്തിക്കുന്ന മൂന്നാംനിലയിലേക്ക് എത്തിപ്പെടാൻ ഭിന്നശേഷിക്കാർ പാടുപെടുകയാണ്.
ലിഫ്റ്റ് ഇല്ലാത്തതിനാൽ ഇത്തരം ഉദേ്യാഗാർഥികളെ താഴെ പാർക്കിംഗ് ഏരിയയിലാണ് പിഎസ്സി മെന്പർമാർ കാണുന്നത്.